കൊല്ലം: എൻ.എച്ച്.എ.ഐയുടെ കടുംപിടിത്തത്തിൽ കുടുങ്ങി അമൃത് 2 പദ്ധതി ജില്ലയിൽ ഇഴയുന്നു. കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ എൻ.എച്ച്.എ.ഐ ഇരട്ടിത്തുക ചെലവാക്കുന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതാണ് പ്രധാന പ്രശ്നം. ചിലയിടങ്ങളിൽ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി വൈകുന്നു. അതുകൊണ്ട് തന്നെ അമൃത് 2 പദ്ധതിയിൽ ജില്ലയിലെ അഞ്ച് നഗരസഭകളിലായി അനുമതി ലഭിച്ച 276 കോടിയുടെ പദ്ധതികളിൽ 18.86 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവിടാനായത്.
ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള കുടിവെള്ളം നഗരത്തിൽ പുതുതായി നിർമ്മിക്കുന്ന ടാങ്കുകളിൽ എത്തിക്കാനുള്ള പൈപ്പിടലാണ് എൻ.എച്ച്.എ.ഐയുടെ കടുംപിടുത്തത്തിൽ കുടുങ്ങിക്കിടക്കുന്നത്.
വടക്കേവിള മുതൽ കാവനാട് വരെ 12 കിലോ മീറ്റർ ദൂരത്തിൽ പൈപ്പിടാൻ 58 കോടിയുടെ പദ്ധതിയാണ് അമൃതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദേശീയപാത ആറുവരിയാക്കലിന്റെ നിർമ്മാണം തുടങ്ങുന്നതിന് മുമ്പേ തന്നെ നിർവഹണ ഏജൻസിയായ വാട്ടർ അതോറിറ്റി പൈപ്പിടാൻ എൻ.എച്ച്.ഐയോട് അനുമതി ചോദിച്ചിരുന്നു. അന്ന് പലകാരണങ്ങൾ നിരത്തി നിഷേധിച്ച ശേഷം ഇപ്പോൾ നിർമ്മാണം പൂർത്തിയായെന്ന പേരിൽ 40 കോടി കൂടി അധികം ചെലവാക്കി ചെറിയ ഓട സ്ഥാപിച്ച് പൈപ്പിടാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഈ പൈപ്പ് ലൈൻ സ്ഥാപിച്ചാലേ വിതരണ പൈപ്പുകളും സംഭരണ ടാങ്കുകളും സ്ഥാപിക്കാനാകൂ. പ്രധാന പൈപ്പ് ലൈനിന് അനുമതി ലഭിക്കാത്തതിനാൽ തുടർ പ്രവൃത്തികളും ആരംഭിക്കാൻ കഴിയുന്നില്ല. കരുനാഗപ്പള്ളി നഗരസഭയിലും സമാനമായ പ്രശ്നമുണ്ട്.
കരാറുകാരും കുഴയ്ക്കുന്നു
ഏറ്റെടുത്ത പദ്ധതികൾ പലതും ഉപേക്ഷിച്ച് കരാറുകാരും അമൃത് 2 വിന്റെ മുന്നോട്ടുപോക്കിനെ പ്രതിസന്ധിയിലാക്കുന്നു. കൊല്ലം നഗരത്തിൽ സ്വീവേജ് ശൃംഖല പദ്ധതിയുടെ ഭാഗമായി പള്ളിത്തോട്ടം താമരക്കുളം ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കാൻ 45 കോടിക്ക് കരാറെടുത്ത കമ്പനി ഇപ്പോൾ പ്രവൃത്തി ഉപേക്ഷിച്ചിരിക്കുകയാണ്. മറ്റ് നഗരസഭകളിലും ഒരു വർഷം മുമ്പ് കരാറായ പ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
അനുമതി ലഭിച്ചത് ₹ 276 കോടി
ചെലവിട്ടത് ₹ 18.86 കോടി
നഗരസഭകൾ ചെലവിട്ടത്
കൊല്ലം കോർപ്പറേഷൻ ₹ 6.3 കോടി
പരവൂർ ₹ 9.57 കോടി
കരുനാഗപ്പള്ളി ₹ 0.11 കോടി
കൊട്ടാരക്കര ₹ 0.04 കോടി
പുനലൂർ ₹ 2.84 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |