SignIn
Kerala Kaumudi Online
Wednesday, 22 April 2026 10.22 PM IST

കൊച്ചുപിള്ളയുടെ ഓർമ്മപ്പേജുകളിൽ നിറയെ ജനകീയ വാർത്തകൾ!

Increase Font Size Decrease Font Size Print Page
t

കൊല്ലം: നാട്ടിൽ എന്തെങ്കിലും ജനകീയ പ്രശ്നങ്ങളുണ്ടായാൽ നേരത്തെ കോട്ടാത്തലക്കാർ ആദ്യം വിളിച്ചിരുന്നത് കേരളകൗമുദി ഏജന്റ് കൊച്ചുപിള്ളയെയാണ്. കാരണം, കൊച്ചുപിള്ളയോട് കാര്യം പറഞ്ഞാൽ പിറ്റേന്ന് പത്രങ്ങളിൽ വാർത്തയാകും. ദിവസങ്ങൾക്കുള്ളിൽ പ്രശ്നത്തിന് പരിഹാരവുമാകും. ഇങ്ങനെ കോട്ടാത്തലയിലെയും പരിസര പ്രദേശങ്ങളിലെയും എത്രയോ ജനകീയ പ്രശ്നങ്ങൾക്കാണ് കേരളകൗമുദി ഏജന്റ് കൊച്ചുപിള്ള പരിഹാരം കണ്ടിട്ടുള്ളത്.

ജനപ്രതിനിധികളെക്കാളും കോട്ടാലത്തലക്കാർക്ക് കൊച്ചുപിള്ളയോട് വിശ്വാസവും സ്നേഹവുമായിരുന്നു. കുടിവെള്ള പ്രശ്നം, റോഡുകളുടെ ദുരവസ്ഥ, സർക്കാർ ആശുപത്രിയിൽ മരുന്നില്ലാത്ത സ്ഥിതി ഇങ്ങനെ വരിക്കാർ പറയുന്ന പരാതികൾ കേരളകൗമുദി എഡിറ്റോറിയൽ വിഭാഗത്തെ അറിയിച്ച് വാർത്തയാക്കിയത് കൊച്ചുപിള്ള അവേശത്തോടെ ഓർത്തെടുക്കുന്നു. അതിരാവിലെ പത്രമിടാനും പിന്നീട് വരിസംഖ്യ വാങ്ങാനുമുള്ള കൊച്ചുപിള്ളയുടെ യാത്ര നാടിന്റെ ഹൃദയവഴികളിലൂടെയായിരുന്നു.

55 വർഷം മുൻപ് പത്രാധിപരിൽ നിന്നാണ് കേരളകൗമുദി ഏജൻസി എടുത്തത്. ആദ്യം സൈക്കിളിലായിരുന്നു വിതരണം. ഇത് അദ്ദേഹത്തിന് ഒരുവരുമാന മാർഗ്ഗം മാത്രമായിരുന്നില്ല. നാടിന് അറിവ് സമ്മാനിക്കാനുള്ള തപസ്യയായിരുന്നു. അതുകൊണ്ട് തന്നെ കഠിനമായി പരിശ്രമിച്ച് കൂടുതൽ വരിക്കാരെ കണ്ടെത്തി. കോപ്പികൾ ഉയർന്നതോടെ പത്രവിതരണത്തിനായി കൂടുതൽ പേരെ നിയോഗിച്ചു. അഞ്ച് വർഷം മുൻപാണ് അതിരാവിലെ നാട്ടുവഴികളിലൂടെ സഞ്ചരിച്ചുള്ള പത്രവിതരണം അദ്ദേഹം അവസാനിപ്പിച്ചത്. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയുള്ള വീട്ടുകാരുടെ നിർബന്ധത്തിന് മനസില്ലാ മനസോടെ വഴങ്ങുകയായിരുന്നു. കൃഷി ഉണ്ടായിരുന്നെങ്കിലും പത്ര ഏജൻസിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കൊച്ചുപിള്ള ജീവിതം പടുത്തുയർത്തിയത്.

മകൻ സജിത്താണ് ഇപ്പോൾ ഏജൻസി നടത്തുന്നത്. നെടുവത്തൂർ കോട്ടാത്തല പ്ലാങ്കുഴിയിൽ വീട്ടിലാണ് താമസം. സുധയാണ് ഭാര്യ. മകൾ: സരിത. അനിൽകുമാർ, സോണി എന്നിവർ മരുമക്കൾ.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ