SignIn
Kerala Kaumudi Online
Tuesday, 19 March 2024 2.31 PM IST

പടിവാതിലിൽ മുട്ടി പകർച്ചപ്പനി

fever

 എലിപ്പനി,​ ഡെങ്കിപ്പനി മുന്നറിയിപ്പ്

കൊല്ലം: കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജലജന്യ രോഗങ്ങൾക്കൊപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയും പടരാനിടയുണ്ട്. പ്രതിരോധം ശക്തമാക്കിയാൽ രോഗങ്ങൾ തടയാനാകും.

ജല - ജന്തുജന്യ രോഗമായതിനാൽ പകർച്ച വ്യാധികളിൽ വില്ലനാണ് എലിപ്പനി. ഏതു പനിയും എലിപ്പനിയാകാമെന്നതിനാൽ പനി വന്നാൽ സ്വയം ചികിത്സ പാടില്ല. ആരംഭത്തിൽ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. കഴിഞ്ഞ വർഷം ആരോഗ്യ വകുപ്പിന്റെ ഡോക്‌സിസൈക്ലിൻ ക്യാമ്പയിനിലൂടെ രോഗനിയന്ത്രണത്തിന് സാധിച്ചു.
ഇത്തവണയും ആരോഗ്യവകുപ്പ് ഡോക്‌സിസൈക്ളിൻ ക്യാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. മലിനജലത്തിലിറങ്ങുന്ന എല്ലാവരും മുൻകരുതൽ സ്വീകരിക്കണം.

എന്താണ് എലിപ്പനി ?

ലെപ്‌ടോസ്‌പൈറ ജനുസിൽപെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്. പല രോഗങ്ങളുടെയും ലക്ഷണം ഉള്ളതിനാൽ രക്തം, മൂത്രം, രക്തത്തിൽ നിന്ന് വേർതിരിക്കുന്ന സിറം എന്നിവയുടെ പരിശോധനയിലൂടെയേ രോഗം സ്ഥിരീകരിക്കാനാവൂ. ലെപ്ടോസ്‌പൈ‌റ ശരീരത്തിൽ കടന്ന് നാല് മുതൽ പത്ത് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഇത് ഇരുപത് ദിവസം വരെയാകാം. ചിലർക്ക് രോഗം പിടിപെട്ട് ഒരാഴ്ചക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലായി രക്തസ്രാവത്തിനും ഇടയാക്കും.

ലക്ഷണം (ആദ്യഘട്ടം)​

1. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന, തലവേദന, ഛർദ്ദി
2. ചിലർക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ
3. കണ്ണിന് ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം
4. തലവേദന - തലയുടെ പിൻഭാഗത്തുനിന്ന് തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു
5. ശരീരവേദന‍ പ്രധാനമായും തുട, പേശി ഭാഗങ്ങളിൽ

രണ്ടാംഘട്ടം

1. ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി

2. പേശികൾ വലിഞ്ഞുമുറുകി പോട്ടുന്നതുപോലെയുള്ള വേദന

3. കണ്ണിന് നല്ല ചുവന്ന നിറം

4. വിശപ്പില്ലായ്മ,​ മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം

5. നെഞ്ചുവേദന, വരണ്ട ചുമ

പ്രതിരോധം

1. എലികളെ നിയന്ത്രിക്കുക
2. മലിനജലം, മാലിന്യം എന്നിവ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക
3. മൃഗ പരിപാലനത്തിന് ശേഷം കൈകാലുകൾ വൃത്തിയാക്കുക
4. ശരീരത്തിൽ മുറിവുള്ളപ്പോൾ വെള്ളക്കെട്ടിൽ ഇറങ്ങരുത്
5. രോഗസാദ്ധ്യതാ മേഖലകളിൽ ജോലി ചെയ്യുന്നവർ പ്രതിരോധ ചികിത്സ സ്വീകരിക്കുക
6. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
7. ഭക്ഷണ പദാർത്ഥങ്ങൾ അടച്ച് സൂക്ഷിക്കുക
8. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക

രോഗം വരാൻ സാദ്ധ്യത കൂടുതൽ

1. മൃഗപരിരക്ഷകർ, ചികിത്സകർ
2. അറവുജോലി ചെയ്യുന്നവർ
3. കൃഷിക്കാർ, കർഷകത്തൊഴിലാളികൾ
4. അഴുക്കുചാലുകൾ വൃത്തിയാക്കുന്നവർ
5. മാലിന്യസംസ്കരണ തൊഴിലാളികൾ
6. ഭൂമി അളക്കുന്നവർ
7. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിൽ പണിയെടുക്കുന്നവർ
8. തുഴക്കാർ, വാട്ടർ സ്പോർട്സ് താരങ്ങൾ, വെള്ളപ്പൊക്ക സുരക്ഷാ പ്രവർത്തകർ

എലിപ്പനി കണക്ക്

2019: 68

മരണം: 06

2020: 52

മരണം: 05

ഡെങ്കിപ്പനി ലക്ഷണം

1. കടുത്ത പനി,​ തല,​ കണ്ണ് വേദന
2. സന്ധി ​- പേശി - അസ്ഥി വേദന
3. ചർമ്മത്തിൽ ചുവന്ന പാടുകൾ
4. മൂക്കിലോ മോണയിലോ നേരിയ രക്തസ്രാവം, രക്തം ഛർദ്ദിക്കൽ

5. കറുത്ത നിറത്തിൽ മലവിസർജ്ജനം
6. മൂത്രത്തിൽ രക്തത്തിന്റെ സാന്നിദ്ധ്യം
7. അതിശക്തമായ വയറുവേദന,ശ്വാസതടസം

കൂടുതൽ കണ്ടെത്തിയ പഞ്ചായത്തുകൾ: കൊല്ലം കോർപ്പറേഷൻ, നെടുമ്പന, തൃക്കോവിൽവട്ടം, വിളക്കുടി, കടയ്ക്കൽ, കല്ലുവാതുക്കൽ

"

സ്വയം ചികിത്സ അപകടകരമാണ്. തൊഴിൽ, ജീവിത ചുറ്റുപാടുകൾ ഡോക്ടറെ ബോദ്ധ്യപ്പെടുത്തണം. എല്ലാ സർക്കാർ ആശുപത്രികളിലും എലിപ്പനിക്കെതിരെ സൗജന്യ ചികിത്സ ലഭ്യമാണ്.

ആരോഗ്യവകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.