16 പേർ പുതുമുഖങ്ങൾ
കൊല്ലം: സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവനെ വീണ്ടും തിരഞ്ഞെടുത്തു. 46 അംഗ ജില്ല കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളാണ്. ആറ് വനിതകളുമുണ്ട്. 12 അംഗ ജില്ല സെക്രട്ടേറിയറ്റിൽ ഒരു വനിത ഉൾപ്പടെ അഞ്ച് പുതുമുഖങ്ങളുണ്ട്.
നിര്യാതനായ ഇ. കാസിം, നിയമസഭ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ഒഴിവാക്കിയ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി.ആർ. വസന്തൻ (കരുനാഗപ്പള്ളി), എൻ.എസ്. പ്രസന്നകുമാർ (കുണ്ടറ) എന്നവരുടേതടക്കം ജില്ലാ സെക്രട്ടേറിയറ്റിൽ നിലവിൽ മൂന്ന് ഒഴിവുകളുണ്ടായിരുന്നു. മുൻ ജില്ലാ സെക്രട്ടറി കെ. രാജഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് എം.പി എന്നിവരും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായി. എസ്. വിക്രമൻ, വി. കെ. അനിരുദ്ധൻ, സി. ബാൾഡുവിൻ, ടി. മനോഹരൻ, സി. രാധാമണി എന്നിവരെ പുതുതായി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. ജില്ല സെക്രട്ടറി എസ്. സുദേവനെ കൂടാതെ എസ്. ജയമോഹൻ, ജോർജ്ജ് മാത്യു, എം. ശിവശങ്കരപ്പിള്ള, എക്സ്. ഏണസ്റ്റ്, ബി. തുളസീധരക്കുറുപ്പ്, പി.എ. എബ്രഹാം എന്നിവരാണ് മറ്റ് ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ.
പി.ബി. സത്യദേവൻ, എസ്. പ്രസാദ്, എസ്. ബിജു, എസ്. മുഹമ്മദ് അസ്ലം, പി.കെ. ജോൺസൺ, എം. വിശ്വനാഥൻ, ബിജു കെ.മാത്യു, വി. ജയപ്രകാശ്, സുജ ചന്ദ്രബാബു, അഡ്വ. സബിത ബീഗം, അഡ്വ. ഐഷ പോറ്റി, എസ്.ആർ. അരുൺബാബു, ചിന്ത ജെറോം, പി.വി. സത്യൻ, എം. നൗഷാദ് എം.എൽ.എ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. സംഘടനാ നടപടിയുടെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നു ഒഴിവാക്കിയ പി.ആർ. വസന്തനെയും എൻ.എസ്. പ്രസന്നകുമാറിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല.
സുദേവന് രണ്ടാമൂഴം
കഴിഞ്ഞ ജില്ലാ സമ്മേളനം നിലവിലെ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയാണ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അദ്ദേഹത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതോടെ സ്ഥാനമൊഴിഞ്ഞു. തുടർന്ന് എസ്. സുദേവൻ ജില്ലാ സെക്രട്ടറിയായി. 1984 മുതൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. 95ൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി. 2015 ൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡി.വൈ.എഫ്.ഐയുടെ ആദ്യ കൊല്ലം ജില്ലാ സെക്രട്ടറിയാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ, കേന്ദ്ര കമ്മിറ്റി അംഗം, കെ.എസ്.വൈ.എഫ് ജില്ലാ സെക്രട്ടറി, കശുഅണ്ടി തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, രണ്ട് തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മടത്തറ കൊല്ലായിൽ ബീഡി തെറുപ്പ് തൊഴിലാളിയായ ശ്രീധരന്റെയും വാസന്തിയുടെയും രണ്ടാമത്തെ മകനായി 1954 ലാണ് ജനനം. കടയ്ക്കൽ പള്ളിമുക്ക് അനു ഭവനത്തിലാണ് താമസം. നിലമേൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിച്ച എൽ. മഹിളാമണിയാണ് ഭാര്യ. അനുരാജ്, അതുൽരാജ് എന്നിവർ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |