SignIn
Kerala Kaumudi Online
Friday, 26 April 2024 12.00 PM IST

കാടിറങ്ങി മൃഗങ്ങൾ, ഭീതിയിൽ മലയോരം

pig

കൊല്ലം: വേനലിൽ കാടിറങ്ങുന്ന മൃഗങ്ങൾ മലയോരവാസികളുടെ ഉറക്കം കെടുത്തുന്നു. ആനയും പന്നിയുമാണ് ജനജീവിതം ദുസഹമാക്കുന്നത്. കൃഷി നശിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവനും ഭീഷണിയായിരിക്കുകയാണ്.

കൂട്ടമായെത്തുന്ന കാട്ടാനകൾ വൻ തോതിലാണ് കൃഷി നശിപ്പിക്കുന്നത്. പത്തനാപുരം, അച്ചൻകോവിൽ, തെന്മല, കൂളത്തൂപ്പുഴ, ആര്യങ്കാവ്, അമ്പനാട് എസ്റ്റേറ്റ്, മുള്ളുമല തുടങ്ങിയ പ്രദേശങ്ങളിൽ ആനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്.

ഗ്രാമങ്ങളും താണ്ടി നഗരങ്ങളിൽ വരെ പന്നികൾ എത്തുന്നുണ്ട്. പന്നികളെ കൊല്ലാൻ അനുമതിയുണ്ടെങ്കിലും നടപടിക്രമങ്ങളിലെ കുരുക്ക് കാരണം ഫലപ്രദമാകുന്നില്ല. കാട്ടാനക്കൂട്ടങ്ങൾ തെങ്ങ്, കമുക്, റബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾ കുത്തി മറിക്കുകയാണ്. കപ്പ, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയവയും നശിപ്പിച്ചാണ് ആനക്കൂട്ടം മടങ്ങുക.

കൃഷി ആദായകരമല്ലാതായോടെ കുറച്ച് കർഷകർ മാത്രമാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. ഭൂമി പാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തും കൃഷി ചെയ്യുന്ന കർഷകർക്കാണ് മൃഗശല്യം ഇരുട്ടടിയായിരിക്കുന്നത്.

ഇതോടെ നിരവധി കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്.

ഭയത്തോടെ തൊഴിലാളികളും വിദ്യാർത്ഥികളും

കാട്ടാനകളുടെയും പന്നികളുടെയും ആക്രമണത്തിൽ പരിക്കേൽക്കുന്ന സംഭവങ്ങളും വർദ്ധിച്ചു. മരംകുടിയിൽ രണ്ടുവർഷം മുമ്പ് ഫാമിംഗ് കോർപ്പറേഷൻ വാച്ചറെ ഡ്യൂട്ടിക്കിടെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. അടുത്ത കാലത്തും സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് കാട്ടാനകളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അതിരാവിലെ റബർ ടാപ്പിംഗിനും മറ്റും പോകുന്ന തൊഴിലാളികൾക്ക് നേരെ പന്നിയുടെ ആക്രമണവും വർദ്ധിച്ചു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഭയപ്പാടോടെയാണ് വനപാതകൾ വഴി പോകുന്നത്.

ശല്യം വർദ്ധിക്കാനുള്ള കാരണങ്ങൾ

1. കോടികൾ ചെലവഴിച്ച് സ്ഥാപിച്ച വൈദ്യുതി വേലികൾ തകർന്നു

2. തുടർച്ചയായ പ്രളയത്തിൽ കിടങ്ങുകൾ നികന്നു

3. വനത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ചെക്ക് ഡാമുകൾ ഇല്ലാതായി

4. കടുത്ത വേനലിൽ കാട്ടിൽ തീറ്റയും വെള്ളവും ലഭിക്കാതായി

5. ഇതോടെ മൃഗങ്ങൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങുന്നു

പ്രകൃതിക്ഷോഭത്തിൽ നടുവൊടിഞ്ഞ കർഷകർക്ക് വലിയ ദുരിതമാണ് വന്യമൃഗങ്ങൾ സമ്മാനിക്കുന്നത്. നഷ്ടപരിഹാരവും ലഭിക്കുന്നില്ല. വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

ഉല്ലാസ്, കർഷകൻ,​ പുന്നല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.