കൊല്ലം: കുളത്തൂപ്പുഴയിൽ കല്ലടയാറ്റിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട വൃദ്ധയെ നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ സതിഅമ്മയെയാണ് (57) രക്ഷപ്പെടുത്തിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴ അമ്പലക്കടവിൽ ബന്ധുവായ രാധയ്ക്കൊപ്പം കുളിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. ഇതിനിടെ സതിഅമ്മ മീറ്ററുകളോളം കായൽ വക്കിൽ നിന്ന് നീണ്ടുവളർന്ന വൃക്ഷത്തിന്റെ കൊമ്പിൽ പിടിച്ചുകിടന്നു. വടമെറിഞ്ഞ് കൊടുത്താണ് രക്ഷപ്പെടുത്തിയത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുവായ ഗോപകുമാറിന്റെ വീട്ടിലെത്തിയതായിരുന്നു സതിഅമ്മ. പ്രദേശവാസികളായ അരുൺ, ബിജു, സുരേഷ്, രാജീവ്, ശംഭു, സനിത്ത് ബാബു, ശിവാ ത്രിലോക് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |