കോട്ടയം: വിവരാവകാശനിയമപ്രകാരം രേഖകൾ നൽകിയില്ലെങ്കിൽ അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. രേഖകൾ ലഭിക്കാത്തത് മൂലം അപേക്ഷകനുണ്ടാകുന്ന നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വകുപ്പിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാം.
തീരദേശപരിപാലന നിയമമനുസരിച്ച് കെട്ടിടനിർമാണത്തിന് അനുമതി നൽകിയ രേഖയുടെ പകർപ്പ് ലഭ്യമാക്കാനായി കൊച്ചി കോർപ്പറേഷൻ ഓഫീസിൽ ചെല്ലാനം സ്വദേശി വിവരാവകാശ അപേക്ഷ നൽകിയപ്പോൾ രേഖ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് അപേക്ഷകൻ വിവരാവകാശകമ്മിഷനെ സമീപിക്കുകയായിരുന്നു. ഈ കേസിൽ തദ്ദേശസ്വയംഭരണവകുപ്പിന്റെ പൊതുഅധികാരിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് സിറ്റിംഗിൽ തീരുമാനം.. ചെമ്പ് ഗ്രാമപഞ്ചായത്തിൽ 2000ൽ കെട്ടിടം വാടകയ്ക്ക് എടുത്തതിന് നിരതദ്രവ്യമായി അടച്ച 25000 രൂപയുടെ പകർപ്പ് വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടിക്കുന്ന് സ്വദേശി നൽകിയ അപേക്ഷയിൽ രസീതിന്റെ പകർപ്പ് നൽകാനും നിർദ്ദേശം നൽകി. 34 കേസുകളാണ് സിറ്റിംഗിൽ പരിഗണിച്ചത്. 33 കേസ് തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |