കോട്ടയം: ജില്ലയിൽ ക്രിസ്മസ് വിപണി സജീവമായി. വഴിയോരങ്ങൾ രാത്രികാലങ്ങളിൽ നക്ഷത്ര പ്രകാശത്തിൽ തിളങ്ങി നിൽക്കുന്നു. വിവിധ തരത്തിലുള്ള നക്ഷത്ര വിളക്കുകളും മറ്റും പ്രദർശിപ്പിച്ച് പ്രത്യേക സ്റ്റാളുകളും ഒരുങ്ങി. പേപ്പർകൊണ്ടുള്ള വിവിധ നിറത്തിലുള്ള വാൽനക്ഷത്രങ്ങൾ, എൽ.ഇ.ഡി സ്റ്റാറുകൾ, ഇല്യുമിനേഷൻ ലൈറ്റുകൾ, ക്രിസ്മസ് ട്രീ, പുൽക്കൂട്, ട്രീ ഡെക്കറേഷൻ സാധനങ്ങൾ, ബലൂൺ, ക്രിസ്മസ് പാപ്പാ ഡ്രസ്, മാസ്ക്, തൊപ്പി തുടങ്ങി നിരവധി വസ്തുക്കളാണ് വിപണിയിലുള്ളത്. കഴിഞ്ഞ വർഷം കൊവിഡും ലോക്ക് ഡൗണും മൂലം ഒതുങ്ങിപ്പോയ വിപണി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. ഇത്തവണയും പേപ്പർ നക്ഷത്രങ്ങളേക്കാൾ എൽ.ഇ.ഡി ലൈറ്റുകൾക്കും റെഡിമെയ്ഡ് ട്രീയ്ക്കും ആവശ്യക്കാരുണ്ട്.
അഞ്ച് അടി മുതലുള്ള ക്രിസ്മസ്ട്രീയുടെ ശരാശരി വില 1500 രൂപ യാണ് . പൈൻ, പൈൻ പ്ലാസ്റ്റിക്ക് എന്നീ രണ്ട് തരത്തിലുളള ട്രീകളാണ് വിപണിയിലുള്ളത്. പൈൻ ട്രീകൾക്ക് 1500 മുതലാണ് വില . പൈൻ പ്ലാസ്റ്റിക്ക് ട്രീ 530 രൂപയിൽ ആരംഭിക്കുന്നു. പേപ്പർ സ്റ്റാർ, എൽ.ഇ. ഡി സ്റ്റാർ എന്നിവയ്ക്ക് വില 160 രൂപ മുതലാണ്. ഹാർഡ് ബോർഡ് പുൽക്കൂടിന് 530 രൂപ, മൾട്ടി വുഡ് പുൽക്കൂട് 700, ചൂരൽ പുൽക്കൂട് 1200 എന്നിങ്ങനെയാണ് വില വരുന്നത്.
ബോൾ മാത്യകയിലും എൽ. ഇ. ഡി സ്റ്റാർ മോഡലിലും പുതിയ മോഡൽ ഇല്യുമിനേഷൻ ലൈറ്റും എത്തിയിട്ടുണ്ട്. സ്റ്റാർ മോഡലിന് 800 രൂപ വരെയാണ് വില. ബോൾ മാതൃകയിലുള്ളതിന് 300 രൂപയേ ഉള്ളൂ. പുൽക്കൂട് സെറ്റ് വലിപ്പം അനുസരിച്ചാണ് വില . 490 രൂപ മുതൽ. ക്രിസ്മസ് പാപ്പാ ഡ്രസ് വില 480, പേപ്പർ മാസ്ക് 40, ക്യാപ്പ് 20, ക്രിസ്മസ് പാപ്പാ മുഖംമൂടി 150 എന്നിങ്ങനെയാണ് വില . പടക്കം, കേക്ക് വിപണികളും വരുംദിവസങ്ങളിൽ സജീവമാകുമെന്ന് വ്യാപാരികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |