കോട്ടയം . പരിശോധനയൊക്കെ ഒരുവശത്ത് നടക്കും. അവർ യാത്രക്കാരുടെ കീശ കീറും. കോട്ടയം നഗരത്തിലെ ഓട്ടോക്കാരുടെ പതിവ് സ്വഭാവത്തിന് ഇതുവരെ ഒരുമാറ്റവും വന്നിട്ടില്ല. പുതിയ കളക്ടറും, എസ് പി വന്നാലും ഇവർക്ക് വിഷയമൊന്നുമില്ല. 'ഓപ്പറേഷൻ ഫെയർ' എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആഗസ്റ്റ് 4 മുതൽ 13 വരെയാണ് പരിശോധന നടത്തിയത്. 111 കേസുകൾ രജിസ്റ്റർ ചെയ്തു. 28000 രൂപ പിഴ ഈടാക്കി. ഫെയർ മീറ്ററുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായ പെരുമാറുക, മദ്യപിച്ച് വാഹനമോടിക്കുക, ഫെയർ മീറ്ററുകളുടെ കണക്ഷൻ വിച്ഛേദിച്ച നിലയിൽ കണ്ടെത്തുക തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയാണ് കേസെടുത്തത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് ഓട്ടം വിളിക്കുമ്പോൾ അമിത നിരക്കാണ് ഈടാക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ചെറിയ ദൂരങ്ങളിലേക്ക് ഓട്ടം പോകാൻ തയ്യാറാകുന്നില്ല. റെയിൽവേ സ്റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയുള്ള രണ്ട് കിലോമീറ്ററിന് 80 രൂപയാണ് ചാർജ്. യാത്രക്കാരുടെ വ്യാപക പരാതിയെത്തുടർന്ന് വരും ദിവസങ്ങളിലും ഓണക്കാലത്തും പരിശോധന കർശനമാക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ ഡി.ജയരാജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |