കുമരകം: പുതിയ പാലം നിർമിക്കുന്നതിനായി കുമരകം കോണത്താറ്റ് പാലം പൊളിച്ചു തുടങ്ങി. ഇന്നലെ രാവിലെ എട്ടിനാണ് പൊളിക്കൽ ജോലികൾ ആരംഭിച്ചത്. മന്ത്രി വി.എൻ. വാസവൻ പാലം സന്ദർശിച്ച് ഗതാഗത ക്രമീകരണങ്ങളും പ്രവൃത്തികളും വിലയിരുത്തി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഗതാഗതം ക്രമീകരിക്കാൻ പൊലീസിന് മന്ത്രി നിർദ്ദേശം നൽകി.
കോട്ടയം-കുമരകം റോഡിൽ ഗതാഗതക്കുരുക്ക് നേരിടുന്ന ഇടുങ്ങിയ പാലമാണ് കോണത്താറ്റ് പാലം. നാലുമീറ്ററായിരുന്നു വീതി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി മുൻകൈയെടുത്താണ് പുതിയ പാലം നിർമിക്കുന്നതിന് നടപടികൾ സ്വീകരിച്ചത്. നിർമാണ സമയത്ത് വാഹനങ്ങൾ കടന്നുപോകുന്നതിന് പാലത്തിന്റെ ഇടതുവശത്തായി 150 മീറ്റർ നീളത്തിൽ സർവീസ് റോഡ് നിർമിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഗതാഗതം.
ഗതാഗത നിയന്ത്രണം.
നിലവിലെ പാലം പൊളിക്കുന്നതിനാൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചേർത്തല, ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങൾ ചാലുകുന്ന് നിന്ന് തിരിഞ്ഞു പനമ്പാലം പ്രാവട്ടം കല്ലറ വെച്ചൂർ റോഡ് വഴി പോകണം. കോട്ടയം ടൗണിലേക്കും കോട്ടയം മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്കും പോകേണ്ട ഭാരവാഹനങ്ങൾ തലയാഴം കല്ലറ പ്രാവട്ടം പനമ്പാലം വഴി തിരിഞ്ഞു പോകണം.
ചെലവ് 7.94 കോടി രൂപ.
മേൽനോട്ടം കേരള റോഡ് ഫണ്ട് ബോർഡ്
26.20 മീറ്റർ നീളത്തിലും13 മീറ്റർ വീതിയിലും.
55, 34 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ്.
18 മാസമാണ് പാലം നിർമാണ കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |