കോട്ടയം. വാമോസ് അർജന്റീന, വിവ ബ്രസീൽ വിളികൾ മുഴക്കി ജില്ലയിലെ ഫുട്ബാൾ ആരാധകരുടെ ആവേശപ്രകടനം. ലോകകപ്പിന് ഖത്തറിൽ തുടക്കമിടുമ്പോൾ, റോഡ്ഷോയും പാട്ടും മേളവും വിളംബര റാലിയുമായി കോട്ടയവും അണി ചേർന്നു. പുല്ലരിക്കുന്ന്, പുളിഞ്ചുവട്, ആർപ്പൂക്കര, ചുങ്കം മേഖലയിലെ ഫുട്ബാൾ ആരാധകരുടെ നേതൃത്വത്തിലായിരുന്നു വിളംബര വാഹനറാലി. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങി രാജ്യങ്ങളുടെ ആരാധകരാണ് റാലിയിൽ പങ്കെടുത്തത്. താരവ്യത്യാസമില്ലാതെ, കൊച്ചുകുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ളവർ ആവേശപ്രവാഹമായി വിളംബര റാലിയിൽ പങ്കെടുത്തു.
ശരീരത്തിൽ ചിഹ്നങ്ങളും നിറങ്ങളും ചാർത്തിയ ആരാധകരുമുണ്ടായിരുന്നു. അലങ്കരിച്ച ബൈക്കുകൾ, ഓട്ടോറിക്ഷകൾ, പിക്കപ്പ് എന്നിവയിൽ, ഇഷ്ട താരങ്ങളുടെ ജഴ്സി ധരിച്ചാണ് ആരാധകർ എത്തിയത്. ചെറുതും വലുതുമായ ഫ്ളാഗുകളും, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ബലൂണുകളുമുണ്ടായിരുന്നു. ഡ്രംസും പാട്ടും ആവേശത്തിന് കൊഴുപ്പേകി. പുളിഞ്ചുവടിൽ നിന്ന് ആരംഭിച്ച റാലി സി.എം.എസ് കോളേജ് റോഡിൽ സംഗമിച്ചശേഷം മടങ്ങി. നൂറ് കണക്കിന് പേർ പങ്കെടുത്തു. പുളിഞ്ചുവടിൽ താരങ്ങളുടെ നിരവധി ഫ്ളെക്സുകളും സ്ഥാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |