കോഴിക്കോട്: സിറ്റി ബസുകളുടെ വാതിൽ ചാരാത്ത യാത്രയ്ക്ക് അറുതിയില്ല. മത്സരിച്ചോടുന്ന ബസുകൾക്ക് റോഡ് നിയമങ്ങൾ ബാധകമേയല്ലെന്ന സ്ഥിതിയാണ്. അപകടം തുടർക്കഥയായിട്ടും ഒാട്ടോമാറ്റിക് ഡോറുകൾ ഒരു വശത്തേക്ക് തുറന്നിട്ടാണ് ബസുകളുടെ മരണപ്പാച്ചിൽ. തുറന്നിട്ട വാതിലിൽ കൂടി തെറിച്ചുവീണ് പത്തോളം അപകടങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. അപകടത്തിൽപെട്ടവരിലേറെയും വിദ്യാർത്ഥികളും സ്ത്രീകളും പ്രായമായവരും. കഴിഞ്ഞ ദിവസം 59കാരൻ മരിക്കാനിടയായതാണ് ഒടുവിലത്തെ സംഭവം. താമരശ്ശേരിയിൽ സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപെട്ട് വിദ്യാർത്ഥിനിയ്ക്ക് പരിക്കേറ്റത് കഴിഞ്ഞ മാസമാണ്. പേരാമ്പ്ര മുളിയങ്ങളിൽ സ്കൂൾ വിദ്യാർത്ഥി തെറിച്ചു വീണ സംഭവവുമുണ്ടായി. നിയമ ലംഘനം നടത്തുന്നതിൽ സ്വകാര്യ ബസുകൾ മാത്രമല്ല, കെ.എസ്.ആർ.ടി.സിയും ഇതര ജില്ലകളിലേക്ക് സർവീസ് നടത്തുന്ന ദീർഘദൂര ബസുകളുമുണ്ട്. ഒാട്ടോമാറ്റിക് ഡോറുകൾ പല ബസുകൾക്കും അലങ്കാ രം മാത്രമാണ്. ആളുകളെ കുത്തിനിറക്കാൻ ഡോറുകൾ അടയ്ക്കാതെയാണ് ഓട്ടം. യാത്രക്കാരെ വേഗത്തിൽ കയറ്റാനും ഇറക്കാനും ഡോറുകൾ തുറന്നിടുന്നത് സൗകര്യമായി കാണുകയാണ്. തുറന്നിട്ടിരിക്കുന്ന വാതിലിനോടു ചേർന്നു നിൽക്കുന്ന യാത്രക്കാർ അറിയുന്നില്ല മുന്നിലെ അപകടം. പൊടുന്നനെ ബ്രേക്ക് ചവിട്ടിയാലോ ബസിന്റെ ഉള്ളിൽനിന്ന് ഉന്തു വന്നോ പിടിവിട്ടോ അപകടം ഉറപ്പ്. വാതിലിനോടു ചേർന്നുള്ള സീറ്റിൽ ഇരിക്കുന്നവരുടെയും സ്ഥിതി വ്യത്യസ്തമല്ല.
നിയമലംഘനങ്ങൾ 168
ഈ മാസം 8 മുതൽ 15 വരെ 168 നിയമ ലംഘനങ്ങളാണ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഡോറടയ്ക്കാതെ യാത്ര മാത്രം 21. എട്ട് ഡ്രെെവർമാരുടെ ലെെസൻസ് സസ്പെന്റ് ചെയ്തു. ഈ വർഷം ഇതുവരെ ജില്ലയിൽ 239 ബസപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 24 പേർ മരിച്ചു. 138 പേർക്ക് ഗുരുതര പരിക്കേൽക്കുകയും 75 പേർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു.
പരിശോധന കർശനം
ഇന്നലെ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യാത്രക്കാരൻ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബസിന്റെ വാതിൽ തുറന്നുവച്ചുള്ള യാത്രയ്ക്കെതിരെ കർശന നടപടിയെടുക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും'' -സി.എസ്.സന്തോഷ് കുമാർ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ, കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |