കോഴിക്കോട് : 23ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള സമ്മേളന തിരക്കിലേക്ക് സി.പി.എം കടക്കുന്നു. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് 10ന് തുടക്കമിട്ടു കഴിഞ്ഞു. ജില്ലാ സമ്മേളനം അടുത്ത ജനുവരി 10, 11, 12 തീയതികളിലായി നഗരത്തിൽ എം. കേളപ്പൻ നഗറിൽ നടക്കും. 15ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേരുന്ന യോഗത്തിൽ സ്വാഗതസംഘത്തിന് രൂപം നൽകുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി യോഗം ഉദ്ഘാടനം ചെയ്യും.
നിലവിൽ ജില്ലയിൽ സി.പി.എമ്മിന് 51,587 അംഗങ്ങളാണുള്ളത്. ഇതിൽ 40,122 പുരുഷന്മാരും 11,465 സ്ത്രീകളുമാണ്. ജില്ലയിലെ പാർട്ടി അംഗങ്ങളാകെ പങ്കാളികളാകുന്ന 4027 ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ 15ന് മുമ്പ് പൂർത്തിയാകും. തുടർന്ന് നവംബർ 15നകം ജില്ലയിലെ 260 ലോക്കൽ സമ്മേളനങ്ങളും തീർക്കും. ഡിസംബർ 12ന് പൂർത്തീകരിക്കത്തക്ക നിലയിൽ ജില്ലയിലെ 16 ഏരിയാ സമ്മേളനങ്ങളും നടക്കും. ഏരിയാ സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുക.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വളണ്ടിയർ പരേഡും ബഹുജനങ്ങളെ അണിനിരത്തിയുള്ള റാലികളും ഒഴിവാക്കിയാണ് ഇത്തവണ ജില്ലാ സമ്മേളനം. വെർച്വലായും ഓൺലൈനായും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ പാർട്ടി അനുഭാവികൾ അടക്കമുള്ള ബഹുജനങ്ങളെ സമ്മേളന നടപടികളുമായി ബന്ധപ്പെടുത്തുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |