കോഴിക്കോട്: പരിശ്രമം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ബോക്സിംഗ് താരമായ കൊയിലാണ്ടി ഓണോത്ത് സ്വദേശിയായ എം.പി നീരജ്. ജർമ്മനിയിൽ നടക്കുന്ന ലോക സ്ട്രൈക്കിംഗ് എം.എം.എ ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടിയതോടെ നാട്ടിലും താരമായി ഈ 23 കാരൻ. കഴിഞ്ഞ ആറു വർഷത്തോളമായി സ്ട്രൈക്കിംഗ് മിക്സഡ് മാർഷൽ ആർട്സ് പരിശീലിച്ചുവരികയാണ്. ഡിസം. 7 മുതൽ 12 വരെയാണ് ലോക ചാമ്പ്യൻഷിപ്പ്. 77 കിലോ സ്ട്രൈക്കിംഗ് എം.എം.എയിൽ വെൽട്ടർ വെയ്റ്റ് വിഭാഗത്തിലാണ് നീരജ് മത്സരിക്കുന്നത്. മുംബയിൽ നാഷണൽ എം.എം.എ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയാണ് നീരജ് ലോക സ്ട്രൈക്കിംഗിലേക്ക് യോഗ്യത നേടിയത്.
പ്ലസ്ടു കഴിഞ്ഞ ശേഷം കൂട്ടുകാരൻ വഴിയാണ് നീരജ് ബോക്സിംഗിലേക്ക് എത്തുന്നത്. കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ഫെെറ്റിംഗ് ക്ലബിൽ പരിശീലനം തുടങ്ങുകയും പിന്നീട് കൊച്ചിയിൽ ബോക്സിംഗ് കോംപാക്ട് ഫിറ്റ്നസ് കൾട്ടിൽ ബോക്സിംഗ് കോച്ചായി മാറുകയുമായിരുന്നു. വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനൊപ്പം സ്വയം പരിശീലനവും തുടർന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ബംഗളൂരുവിൽ നടന്ന റോർ നാഷണൽ മുംഗ്തായി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽൽ കരസ്ഥമാക്കിയിരുന്നു. ജർമനിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിലാണ് നീരജ്. ഇതിനായി സ്പോൺസർമാരെ കണ്ടെത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |