മലപ്പുറം: കുമ്മിണിപ്പറമ്പിൽ 14 വർഷമായി ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരിപ്പൂർ പൊലീസ് സ്റ്റേഷന്റെ ദുരവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ആവശ്യപ്പെടുന്നു. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് അടക്കം പിടികൂടാൻ സജ്ജമായി പ്രവർത്തിക്കേണ്ട സ്റ്റേഷൻ അസൗകര്യങ്ങളിൽ നിന്ന് മുക്തി നേടാൻ സ്വന്തം കെട്ടിടം എന്ന ലക്ഷ്യത്തിലേക്കെത്തണമെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ഇവർ അഭിപ്രായപ്പെടുന്നു. 800 സ്‌ക്വയർഫീറ്റിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരിപ്പൂർ പൊലീസ് സ്റ്റേഷന്റെ ദുരവസ്ഥയെക്കുറിച്ച് ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള കെ.എസ്.ഐ കെട്ടിടം ഒഴിഞ്ഞ് കിടക്കുകയാണ്. അവിടേക്ക് പൊലീസ് സ്റ്റേഷൻ മാറ്റിയാൽ നിലവിലെ പ്രതിസന്ധിക്ക് താത്‌കാലിക പരിഹാരമാവും. ഈ നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ല.
ജമാൽ കരിപ്പൂർ, എയർപോർട്ട് വാർഡ് മെമ്പർ
വിമാനത്താവളം ഉൾക്കൊള്ളുന്ന പ്രദേശമായതിനാൽ സ്റ്റേഷൻ പരിധിയിൽ ദിനംപ്രതി നിരവധി കേസുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വിമാനത്താവളത്തോട് ചേർന്ന് തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കണം. അതിന് മുമ്പേ എന്തൊക്കെ സൗകര്യങ്ങളാണ് വേണ്ടതെന്ന് മനസ്സിലാക്കി ഒരുക്കണം.
സി.കെ.അബ്ബാസ്, കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ദീർഘനാളുകളായി ഒരു പൊലീസ് സ്റ്റേഷൻ വാടകക്കെട്ടിടത്തിൽ കഴിയുന്നത് പരിതാപകരമാണ്. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന, നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന കൃത്യനിർവഹണ വിഭാഗത്തിന് ഉടനെ സർക്കാർ സംവിധാനത്തിൽ സ്വന്തം കെട്ടിടം കൂടിയേ തീരൂ. ജനങ്ങളെയും ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്ന വിഷയമാണിത്.
കെ.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കരിപ്പൂർ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിട നിർമ്മാണത്തിന് എന്തെങ്കിലും രീതിയിൽ സഹായിക്കാൻ സാധിക്കുമെങ്കിൽ ചെയ്യും. മഴ പെയ്താൽ സ്റ്റേഷന്റെ അകം ചോർന്നൊലിക്കുന്നത് കണ്ടിട്ടുണ്ട്. പരാതി എഴുതിക്കൊണ്ടിരിക്കുന്ന കടലാസുകളിൽ മഴ പെയ്താൽ വെള്ളം വീഴാറുമുണ്ട്.
നസീറ കണ്ണനാരി, കുമ്മിണിപ്പറമ്പ് വാർഡ് മെമ്പർ
പൊതുജനങ്ങൾക്ക് പരാതി എഴുതി നൽകാനുള്ള ഒരു ടേബിൾ പോലും ഇവിടെയില്ല. പരാതി പറയാനെത്തുന്നവർക്ക് ശൗചാലയ സൗകര്യമില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്.
മൻസൂർ ഓമോത്ത്, പ്രദേശവാസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |