തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്‌കൂൾ കായികമേള ഇന്ന് അവസാനിക്കുമ്പോൾ ഓവറോൾ കിരീടത്തിനായി തിരൂർ- എടപ്പാൾ ഉപജില്ലകളുടെ പോര് കനക്കും. കഴിഞ്ഞ വർഷത്തെ ഓവറോൾ ചാമ്പ്യൻമാരായ എടപ്പാളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തിരൂരിന്റെ കുതിപ്പ്. വെന്നിക്കൊടി പാറിച്ച പഴയ പ്രതാപം തിരിച്ചുപിടിച്ച് ട്രാക്കിലിറങ്ങിയ തിരുന്നാവായ നവമുകുന്ദ എച്ച്.എസ്.എസിന്റെയും കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂരിന്റെയും കരുത്തിൽ 33 സ്വർണവും 17 വെള്ളിയും 14 വെങ്കലവുമടക്കം 254 പോയിന്റ് നേടിയാണ് തിരൂർ ഉപജില്ലയുടെ കുതിപ്പ്.
മെഡൽ പട്ടികയിലെ കുതിപ്പിലൂടെ സ്കൂൾ വിഭാഗത്തിലെ രാജാക്കന്മാരായ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരിയുടെ കരുത്തിലാണ് എടപ്പാൾ ഉപ ജില്ലയുടെ മുന്നേറ്റം. 21 സ്വർണവും 25 വെള്ളിയും 16 വെങ്കലവുമടക്കം 209 പോയിന്റുകൾ കരസ്ഥമാക്കിയാണ് എടപ്പാളിന്റെ രണ്ടാം സ്ഥാനത്തുള്ള മുന്നേറ്റം. അഞ്ച് സ്വർണവും നാല് വെള്ളിയും 11 വെങ്കലവുമടക്കം 48.5 പോയിന്റുകളുമായി അരീക്കോട് ഉപജില്ല മൂന്നാമതും രണ്ട് സ്വർണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമായി 39 പോയന്റുമായി കിഴ്‌ശേരി ഉപജില്ലയാണ് നാലാം സ്ഥാനത്തുള്ളത്. രണ്ട് വെങ്കലം മാത്രം കൈക്കലാക്കി രണ്ട് പോയന്റുമായി മഞ്ചേരി ഉപജില്ലയാണ് പോയന്റ് പട്ടികയിൽ അവസാനത്തിലുള്ളത്.
കുതിച്ച് ഐഡിയൽ
സ്‌കൂൾ വിഭാഗത്തിൽ കിരീടം ഉറപ്പിച്ചാണ് ഐഡിയലിന്റെ മുന്നേറ്റം. 18 സ്വർണവും 24 വെള്ളിയും 14 വെങ്കലവുമടക്കം 176 പോയിന്റുമായാണ് ഐഡിയൽ കടകശ്ശേരി ഒന്നാം സ്ഥാനത്തുള്ളത്. 19 സ്വർണവും 11 വെള്ളിയും ഏഴ് വെങ്കലവും നേടി 135 പോയന്റുമായി പഴയ പ്രതാപം വീണ്ടെടുത്ത് നവമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ (തിരൂർ ഉപജില്ല) രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
10 സ്വർണ്ണവും അഞ്ച് വെള്ളിയും ആറു വെങ്കലവുമടക്കം 71 പോയിന്റുമായി കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ (തിരൂർ ഉപജില്ല ) മൂന്നാം സ്ഥാനത്തും നിൽക്കുന്നു. മേള ഇന്ന് അവസാനിക്കും.അവസാന ദിനത്തിൽ 28 ഫൈനലുകൾ ഇന്ന് നടക്കും. 200 മീറ്റർ, 4x400 മീറ്റർ റിലേ, കായികാദ്ധ്യപകരുടെ വിവിധങ്ങളായ മത്സരങ്ങളും ഇന്ന് നടക്കും.
ഉപജില്ലകളുടെ പോയന്റ് നില
തിരൂർ .............................. 254
എടപ്പാൾ ......................... 209
അരീക്കോട് ................... 48.5
കിഴശ്ശേരി ....................... 39
താനൂർ ......................... 21.5
വേങ്ങര ...................... 18
പെരിന്തൽമണ്ണ ............ 16
മേലാറ്റൂർ .................... 12
കുറ്റിപ്പുറം ................... 12
വണ്ടൂർ ...................... 7
മലപ്പുറം .................... 6
മങ്കട ......................... 6
നിലമ്പൂർ ................... 5
പരപ്പനങ്ങാടി ............ 5
പൊന്നാനി ............... 3
കൊണ്ടോട്ടി ............... 2
മഞ്ചേരി .................... 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |