വളാഞ്ചേരി: ദേശീയപാത 66ൽ അപകടതുരുത്തായി വട്ടപ്പാറ നിലകൊള്ളാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കോടികൾ മുടക്കി നിരവധി പരിഷ്കാരങ്ങളും നിർമ്മാണങ്ങളും നടത്തിയെങ്കിലും അടിക്കടിയുണ്ടാകുന്ന അപകടങ്ങളിൽ ഒരു കുറവും വന്നിട്ടില്ല. അഞ്ഞൂറോളം അപകടങ്ങളിലായി നൂറിലധികം പേരുടെ ജീവനാണ് ഈ കൊടുംവളവിൽ പൊലിഞ്ഞത്.
കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി ഉണ്ടായ രണ്ട് അപകടങ്ങളിൽ മൂന്നുപേർ മരിച്ചു. പിന്നെയും അഞ്ചോളം ചരക്കുവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ആഴ്ചയും ചരക്കുലോറി താഴ്ചയിലേക്ക് വീണ് രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. ഗ്യാസ് ടാങ്കറുകൾ, കണ്ടെയ്നർ ലോറികൾ, ചരക്കു വാഹനങ്ങൾ എന്നിവയാണ് അപകടത്തിൽപ്പെടുന്നവയിലേറെയും. കൂടുതലും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവ.ഗ്യാസ് ടാങ്കർ അപകടങ്ങളെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചും ആളുകളെ മാറ്റി പാർപ്പിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇത് പ്രദേശത്തെ ജനജീവിതത്തെ തെല്ലൊന്നുമല്ല ദുസ്സഹമാക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനഡ്രൈവർമാർക്ക് കൊടുംവളവ് ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിന് വഴിവയ്ക്കുന്നത്. പരിഹാരം കാണാൻ നിരവധി പദ്ധതികൾ നടപ്പാക്കിയെങ്കിലും ഫലം കണ്ടില്ല. റോഡിൽ പലയിടത്തായി ഹമ്പുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും മറ്റൊരു തരത്തിൽ അപകടങ്ങൾ വർദ്ധിപ്പിച്ചു. വട്ടപ്പാറ മുകളിലെ പഴയ സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന് മുന്നിൽ പൊലീസും ട്രോമാകെയർ വാളണ്ടിയർമാരും ചേർന്ന് ദീർഘദൂര വാഹന ഡ്രൈവർമാർക്ക് അപകടമുന്നറിയിപ്പ് നൽകിയിരുന്നു. ഇത് നിറുത്തിയതോടെ വീണ്ടും അപകടങ്ങൾ തുടർന്നു. ഏതാനും മാസം മുമ്പ് രണ്ടു കോടി രൂപ ചെലവഴിച്ച് പ്രധാന വളവിൽ റോഡിന് വീതി കൂട്ടൽ, സുരക്ഷാഭിത്തി നിർമ്മിക്കൽ, ബ്ലിംഗർ ലൈറ്റുകൾ, സൂചനാ ബോർഡുകൾ സ്ഥാപിക്കൽ എന്നിവ നടപ്പാക്കിയെങ്കിലും അപകടങ്ങൾ കുറഞ്ഞില്ല. സുരക്ഷാഭിത്തി കെട്ടി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അപകടങ്ങളെ തുടർന്ന് ഭിത്തി തകർന്നു. ഭിത്തിയിലിടിച്ച് വാഹനങ്ങൾ റോഡിൽ മറിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ താഴ്ചയിലേക്ക് വീഴുകയാണ്. ഇത് അപകടങ്ങളുടെ ആഘാതം കൂട്ടുന്നു
100ലേറെ പേരുടെ ജീവനുകളാണ് വട്ടപ്പാറയിൽ അപകടങ്ങളിൽ പൊലിഞ്ഞത്
പരിഹാരമുണ്ട്, പക്ഷേ..
വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശത്ത് സിസിടിവിയും അപകട സൂചന നൽകുന്ന മുന്നറിയിപ്പ് ബോർഡുകളും ബ്ലിങ്കർ വിളക്കുകളും സ്ഥാപിച്ചു.റോഡിനു ഇരുവശവും ശുചീകരിക്കുകയും ചെയ്തു.കഞ്ഞിപ്പുര മൂഡാൽ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും
അഷ്റഫ് അമ്പലത്തിങ്ങൽ,
വളാഞ്ചേരി നഗരസഭ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |