കുറ്റിപ്പുറം: കുട്ടികൾക്കായി ട്രോളുകൾ ഇറക്കുന്ന തിരക്കിലാണ് മലപ്പുറം പന്തലൂർ ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകൻ കെ.വി.മനു. ട്രോളുകളെ പാഠഭാഗങ്ങൾ ഓർത്തുവയ്ക്കുാനുള്ള ഉപാധിയായി മാറ്റുകയാണ് മനു. പഠനം ഓൺലൈനായതോടെ കുട്ടികൾ പാഠഭാഗങ്ങൾ മറക്കുന്ന പ്രശ്നം കൂടിയെന്നും ഇതു മറികടക്കാനാണ് ട്രോളുകളെ ആശ്രയിച്ചതെന്നും മനു പറയുന്നു. ഒന്നര ലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്ബുക്കിലെ ട്രോൾ ലോകം എന്ന ഗ്രൂപ്പിന്റെ അഡ്മിൻ കൂടിയാണ് മനു. ആദ്യം പത്താംതരത്തിലെ മലയാളം പാഠത്തിന്റെ ട്രോളുകളാണ് വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നൽകിയത്. മികച്ച പ്രതികരണമുണ്ടായി . സംഭവം വൈറലായതോടെ പ്രമുഖ കവി പി.സച്ചിദാനന്ദൻ അടക്കം അഭിനന്ദിച്ച് രംഗത്തെത്തി. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുമ്പായി ഹിന്ദി ഒഴികെയുള്ള മറ്റെല്ലാ വിഷയങ്ങളുടെയും പ്രധാനപ്പെട്ട ഭാഗങ്ങൾ ട്രോൾ വഴി നൽകി. പ്ലസ്ടു ഹ്യൂമാനിറ്റീസ്, സയൻസ്, കൊമേഴ്സ് വിഷയങ്ങൾ ട്രോളുകളായി നൽകിയാലോ എന്ന ചിന്തയിലാണ് മനു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |