SignIn
Kerala Kaumudi Online
Friday, 26 April 2024 5.33 PM IST

നടത്താം അവളുടെ ഇഷ്ടം... തടഞ്ഞത് 19 ശൈശവ വിവാഹങ്ങൾ

gggggggggg

മലപ്പുറം: "പഠിച്ച് സ്വന്തം കാലിൽ നിൽക്കാനായിരുന്നു അവളുടെ ആഗ്രഹം. എന്നാൽ പതിനേഴാം വയസിൽ മണവാട്ടി ആവാനായിരുന്നു വീട്ടുകാരുടെ സമ്മർദ്ദം. അവളുടെ ഇഷ്ടം അവഗണിച്ചതോടെ കാര്യങ്ങൾ വിവാഹത്തിന്റെ വക്കോളമെത്തി. വിഷമം കണ്ട സഹപാഠി പൊൻവാക്കിലേക്ക് വിവരം അറിയിച്ചതോടെ വിവാഹം തടയാനും അവൾക്ക് പഠനം തുടരാനുമായി".

ശൈശവ വിവാഹങ്ങൾ തടയുന്നതിനായി വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പൊൻവാക്ക് പദ്ധതിയിൽ ആറ് മാസത്തിനിടെ ഇത്തരത്തിൽ 19 വിവാഹങ്ങളാണ് തടഞ്ഞത്. ഇതിൽ 11ഉം കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ്. ശൈശവ വിവാഹം സംബന്ധിച്ച വിവരം കൈമാറുന്നയാൾക്ക് 2,​500 രൂപ പാരിതോഷികം ലഭിക്കുമെന്ന പ്രത്യേകത കൂടിയുണ്ട് പൊൻവാക്കിന്. പൊതുജന പങ്കാളിത്തത്തോടെ ശൈശവ വിവാഹം തടയാൻ ലക്ഷ്യമിട്ടാണിത്.

വിവാഹം മാത്രമല്ല, വിവാഹത്തിന് മുന്നോടിയായുള്ള പെണ്ണ് കാണൽ, മിഠായി നൽകൽ, നിശ്ചയം, നിക്കാഹ്, ജാതകക്കുറി കൈമാറൽ എന്നിവയെല്ലാം വിവാഹപരിധിയിൽ വരുമെന്നതിനാൽ പൊൻവാക്കിലൂടെ ഇതെല്ലാം തടയാനാവും. വിവാഹനിശ്ചയവും നിക്കാഹും രഹസ്യമായി നടത്തുന്നത് വർദ്ധിച്ചതോടെ ആറ് മാസം മുമ്പാണ് പൊൻവാക്ക് പദ്ധതി തുടക്കമിട്ടത്. പൊതുജനങ്ങൾ, സഹപാഠികൾക്ക് പുറമെ അംഗൻവാടി വർക്കർമാർ മുഖേനയാണ് പരാതികൾ ലഭിക്കുന്നത്.

പരാതി നൽകൂ, ഉടൻ വരും നടപടി

ശൈശവ വിവാഹം സംബന്ധിച്ച വിവരം വനിതാ ശിശു വികസന വകുപ്പിന് ലഭിക്കുന്നതോടെ ജില്ലയിലെ 29 ഐ.ഡി.സി.എസ് ബ്ലോക്കുകളിലെ ചൈൽഡ് ഡെവലപ്പ്‌മെന്റ് പ്രൊജക്ട് ഓഫീസർമാർക്ക് കൈമാറും. ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ഓഫീസറുടെ ചുമതല കൂടി ഇവർക്കുള്ളതിനാൽ നിയമപരമായി വിവാഹം തടയാനാവും. വിവരം നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ, അംഗൻവാടി വർക്കർമാർ, സ്‌കൂൾ കൗൺസിലർമാർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുമായും കുട്ടിയുമായും സംസാരിക്കും. വിവാഹത്തിൽ നിന്ന് പിന്മാറുന്ന രക്ഷിതാക്കളോട് 18 വയസിന് ശേഷമേ വിവാഹം നടത്തൂ എന്ന് എഴുതി വാങ്ങിക്കും. ഇതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിച്ച് വിവാഹം വിലക്കിയുള്ള ഉത്തരവ് ലഭ്യമാക്കി കുടുംബത്തിന് കൈമാറും. കോടതി ഉത്തരവ് ലംഘിച്ചാൽ കുറ്റകൃത്യമായി മാറും. സാധാരണഗതിയിൽ കൂടുതൽ പേരും ഉദ്യോഗസ്ഥർ പറയുന്നതോടെ പിന്മാറുകയാണ് പതിവ്. വിവാഹം നടത്താൻ ശ്രമിക്കുന്നുണ്ടോ എന്നത് അറിയാൻ തുടർന്നും വീട്ടുകാരെ രഹസ്യമായി നിരീക്ഷിക്കും.

ആദ്യ പാരിതോഷികം സഹപാഠിക്ക്
പൊൻവാക്കിൽ വിവരമറിയിച്ചതിന് ജില്ലയിൽ ആദ്യ പാരിതോഷികം ലഭിച്ചത് 17കാരിയുടെ സഹപാഠിക്കാണ്. പൊതുജനങ്ങളിൽ നിന്ന് വിവരം അറിയിച്ച ആറ് പേർക്കുള്ള സഹായം ഈ ആഴ്ച നൽകും. വിവരം നൽകിയ വ്യക്തിയുടെ വിവരങ്ങൾ പുറത്തറിയാതിരിക്കാൻ അധികൃതർ നേരിട്ടെത്തിയാണ് തുക കൈമാറുക. ശൈശവ വിവാഹം സംബന്ധിച്ച വിവരങ്ങൾ 9447947304 അറിയിക്കാം.

കുട്ടികൾക്കെതിരെയുള്ള അതിക്രമമായാണ് ശൈശവ വിവാഹം കണക്കാക്കുന്നത്. വിവാഹം സംബന്ധിച്ച വീട്ടുകാരുടെ സമ്മർദ്ദം സഹപാഠികൾക്കും കൂട്ടുകാർക്കും എളുപ്പത്തിൽ മനസ്സിലാക്കാനാവും. പൊൻവാക്കിലൂടെ അറിയിക്കുന്നതോടെ ഒരുകുട്ടിക്ക് പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള അവസരം കൂടിയാണേകുന്നത്. വിവരങ്ങൾ നൽകുന്നതിൽ സഹപാഠികളും പൊതുജനങ്ങളും കൂടുതൽ പ്രാധാന്യമേകണം.
എ.എ.ഷറഫുദ്ദീൻ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, MARRIAGE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.