മുതലമട: പഞ്ചായത്തിലെ പ്രധാന അണക്കെട്ടായ മീങ്കരയിൽ ഡാമിന്റെ ആഴം കൂട്ടി സംഭരണശേഷി വർദ്ധിപ്പിക്കാനുള്ള പദ്ധതി നിറുത്തിവെച്ചു. ഡാം പൂർണ സംഭരണ ശേഷിയിലെത്തിയതിനാലാണിത്. കർഷകർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമായ പദ്ധതിയാണ് മണലെടുപ്പ്. ഡാമിന്റെ ആഴം കൂട്ടി വെള്ളം സംഭരിച്ചാൽ കുടിവെള്ളക്ഷാമവും വേനലിൽ കർഷകർക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പാക്കാനാവും. എന്നാൽ ആളിയാർ, കമ്പാൽത്തറ, ഗോവിന്ദാപുരം പുഴ എന്നിവയിൽ നിന്ന് വെള്ളത്തിന്റെ തുടർച്ചയായ ഒഴുക്ക് മീങ്കര ഡാമിനെ പൂർണ സംഭരണശേഷിയിലെത്തിച്ചതാണ് പദ്ധതിക്ക് തിരിച്ചടിയായത്. മണലെടുപ്പിനായി നിർമ്മിച്ച പാതകൾ ഭൂരിഭാഗവും വെള്ളത്തിനടിയിൽ ആയതിനാൽ വെള്ളം കുറഞ്ഞ ശേഷം പദ്ധതി പുനരാരംഭിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിന് അടുത്ത വേനൽ വരെ കാത്തിരിക്കേണ്ടി വന്നേക്കും. അതിനിടെ മഴ തുടർന്നാൽ പദ്ധതി അവതാളത്തിലാകുമോ എന്ന ആശങ്കയിലാണ് കർഷകരും പൊതുജനങ്ങളും. 156.36 മീറ്ററാണ് മീങ്കരയുടെ പരമാവധി സംഭരണശേഷി.
62 കോടി രൂപയുടെ പദ്ധതി
2022 ജൂണിലാണ് മീങ്കര ഡാമിൽ മണലെടുപ്പ് പദ്ധതി ആരംഭിച്ചത്. ഡാമിന്റെ ആഴം കുറഞ്ഞ ഭാഗത്ത് നിന്ന് ചെളിയും മണ്ണും കരയിലേക്ക് നീക്കി ഫിൽട്ടർ ചെയ്ത് മണലും മണ്ണും വേർതിരിക്കും. മീങ്കരയിൽ കുടിവെള്ള പദ്ധതി നിലനിൽക്കുന്നതിനാൽ ഷട്ടറിന്റെയും കുടിവെള്ള പമ്പിന്റെയും നിശ്ചിതഭാഗങ്ങളിൽ നിന്നും കലങ്ങാതെ വേണം ചെളിയും മണ്ണും നീക്കം ചെയ്യാൻ. ഫിൽട്രേഷൻ നടത്താൻ ഡാമിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഫിൽട്രേഷൻ കഴിഞ്ഞ് ശേഷിക്കുന്ന വെള്ളം ഡാമിലേക്ക് തന്നെ വിടും. 11.28 ലക്ഷം മീറ്റർ ക്യൂബ് മണ്ണാണ് ഡാമിൽ നിന്ന് നീക്കാൻ കരാറായത്. നിലവിൽ 6 ലക്ഷം മീറ്റർ ക്യൂബ് മണ്ണ് ഖനനം ചെയ്ത് മാറ്റി. ഖനനം ചെയ്ത് നീക്കുന്ന മണ്ണും മണലും ഭൂരിഭാഗവും തമിഴ്നാട് മേഖലയിലേക്കാണ് പോകുന്നത്. കേരള സ്റ്റേറ്റ് മിനറൽ ഡവലപ്‌മെന്റ് കോർപറേഷനാണ്(കെംഡെൽ) പൂർണ നിർമ്മാണ ചുമതലയെങ്കിലും ഹൈദരാബാദ് ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനി പദ്ധതി ഉപകരാറായി ഏറ്റെടുത്തിട്ടുണ്ട്. 62 കോടി രൂപ ചിലവ് വരുന്ന പദ്ധതിയുടെ കാലാവധി 2025 ജൂണിൽ അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |