SignIn
Kerala Kaumudi Online
Friday, 26 April 2024 8.03 PM IST

സംസ്ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതി കരടിപ്പാറയിൽ

irigation
കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള പമ്പിംഗ് സ്റ്റേഷൻ

പാലക്കാട്: ചിറ്റൂരിന്റെ കിഴക്കൻ പ്രദേശത്തെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശങ്ങൾക്ക് പ്രതീക്ഷയായി സംസ്ഥാനത്തെ ആദ്യത്തെ സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതിക്ക് കരടിപ്പാറയിൽ തുടക്കം. എരുത്തേമ്പതി പഞ്ചായത്തിലെ കരടിപ്പാറയിൽ 171 ഏക്കറിൽ 54 കർഷകരെ ഉൾക്കൊള്ളിച്ചാണ് സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് പൂർത്തിയാക്കിയത്.

മന്ത്രി കെ. കൃഷ്ണൻകുട്ടി മുൻകൈയെടുത്ത് 2019ൽ ആരംഭിച്ച പദ്ധതിക്കായി ജലസേചന വകുപ്പ് പദ്ധതി വിഹിതത്തിൽ നിന്നും 3.1 കോടി ചെലവഴിച്ചു. ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനായിരുന്നു നിർമാണ ചുമതല.

പദ്ധതിയിങ്ങനെ

 171 ഏക്കർ വിസ്തൃതിയുള്ള കൃഷിയിടത്തിൽ എല്ലായിടത്തും വെള്ളം എത്തിക്കുന്നതിനായി പി.വി.സി പൈപ്പുകൾ, ജലസേചന കുഴലുകൾ, നിയന്ത്രണ വാൽവുകൾ, വള പ്രയോഗത്തിനുള്ള വെഞ്ച്വറി വാൽവുകൾ, വെള്ളത്തിന്റെ അളവും മർദ്ദവും അളക്കുന്ന മീറ്ററുകൾ, എന്നിവ ഓരോ കൃഷിയിടത്തിലും സ്ഥാപിച്ചിട്ടുണ്ട്.

 കേന്ദ്രീകൃത നിയന്ത്രിത സംവിധാനമുള്ള ഇലക്ട്രോണിക് വാൽവുകൾ വഴിയാണ് ജലവിതരണം നിയന്ത്രിക്കുന്നത്.

 കൃഷിയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പവർ യൂണിറ്റുകളിൽ നിന്നുള്ള വൈദ്യുതിയാണ് ഇതിന് ഉപയോഗിക്കുന്നത്.

 മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനും കൃത്യമായ അളവിൽ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനും ഓട്ടോമാറ്റിക് ഇലക്ട്രോണിക് നിയന്ത്രിത ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. രണ്ടര ഏക്കർ വിസ്തീർണമുള്ള ജലാശയത്തിൽ നിന്നുള്ള വെള്ളമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

 ഒരു മണിക്കൂറിൽ ഒരു ലക്ഷം ലിറ്റർ വെള്ളം 130 മീറ്റർ ഉയരത്തിലേക്ക് പമ്പ് ചെയ്യാൻ ശേഷിയുള്ള പ്രത്യേക തരം പമ്പ് സെറ്റാണ് ഈ പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ളത്.

നഷ്ടമില്ലാതെ വെള്ളം വേരുകളിലെത്തും

ഓരോ വിളകൾക്കും ഒരുദിവസം വേണ്ടിവരുന്ന വെള്ളം വിനിമയ നഷ്ടം കൂടാതെ വിളകളുടെ വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനാൽ വളരെ കുറച്ച് വെള്ളം ഉപയോഗിച്ച് കൃത്യമായ ജല ലഭ്യത ഉറപ്പു വരുത്തുന്നു. കുറച്ചു വെള്ളം ഉപയോഗിച്ച് കൂടുതൽ സ്ഥലത്ത് മെച്ചപ്പെട്ട രീതിയിൽ കൃഷി ചെയ്യാൻ കഴിയും. ജലസേചനത്തോടൊപ്പം വളപ്രയോഗവും ഈ സംവിധാനത്തിലൂടെ നടത്താം. കൂടാതെ തൊഴിലാളികളുടെ ചെലവ് കുറയ്ക്കാമെന്നതും പ്രത്യേകതയാണ്.

 അമിത ജല ഉപയോഗം നിയന്ത്രിക്കാം

പൂർണമായും ഇസ്രയേൽ സാങ്കേതിക വിദ്യയിലാണ് പ്രവർത്തനം. ഓരോ കൃഷിയിടത്തിലും ആവശ്യമായ വെള്ളത്തിന്റെ അളവ് മുൻകൂട്ടി തീരുമാനിച്ച് പ്രോഗ്രാം ചെയ്യുന്നു. ഇതുവഴി അമിത ജല ഉപയോഗം നിയന്ത്രിക്കും. എടുക്കുന്ന വെള്ളത്തിന്റെ അളവ് അറിയാൻ എല്ലായിടത്തും വാട്ടർ മീറ്റർ സ്ഥാപിച്ചിട്ടുണ്ട്. കൃഷിയിടങ്ങളിൽ വളം നൽകുന്നതിനുള്ള ഉപകരണവും എല്ലാ കർഷകർക്കും നൽകിയിട്ടുണ്ട്. കൂടാതെ അമിത ജലസേചനം കൊണ്ട് ഉണ്ടാകുന്ന കുമിൾ രോഗങ്ങൾ, മണ്ണിന്റെ ലവണാംശം വർധിക്കൽ, വിളവു കുറവ് എന്നിവയും ഒഴിവാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.