പാലക്കാട്: കുത്തക മുതലാളിമാർക്ക് കാർഷികമേഖല തീറെഴുതി കൊടുക്കുന്നതിനെതിരെയുള്ള താക്കീതാണ് കർഷകരുടെ ഐതിഹാസിക സമര വിജയമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. കർഷകസമരം രാഷ്ട്രീയ പ്രേരിതമാക്കേണ്ടന്നത് കോൺഗ്രസിന്റെ തീരുമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ടമൈതാനിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയുടെയും കിസാൻ വിജയ് ദിവസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവില വർദ്ധനവിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഒന്നാം പ്രതിയും കേരള സർക്കാർ രണ്ടാംപ്രതിയുമാണ്. രണ്ട് സർക്കാരുകൾക്കുമെതിരെയുള്ള പോരാട്ടമാണ് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള ജൽജാഗ്രൻ അഭിയാൻ പ്രക്ഷോഭമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു. 80-ാമത് പിറന്നാൾ ആഘോഷിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്. വിജയരാഘവനെ എ.ഐ.സി.സിക്ക് വേണ്ടി കെ.സി. വേണുഗോപാൽ ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ, കെ.എ. തുളസി, നിർവാഹക സമിതിയംഗം സി.വി. ബാലചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, മുൻ എം.പി വി.എസ്. വിജയരാഘവൻ, മുൻ എം.എൽ.എ കെ.എ.ചന്ദ്രൻ, യു.ഡി.എഫ് ജില്ലാ കൺവീനർ പി.ബാലഗോപാൽ, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. സുമേഷ് അച്യുതൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |