സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കണം: വീണാജോർജ്
പത്തനംതിട്ട : സ്ത്രീധന ഗാർഹിക പീഡനങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച അപരാജിത പദ്ധതിയുടെ ജില്ലാതല ബോധവത്കരണ പരിപാടി " സേ നോ ടു ഡൗറി " മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു.
സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഓരോരുത്തരും ഉറച്ചതീരുമാനം എടുക്കേണ്ട സമയമാണിതെന്ന് മന്ത്രി പറഞ്ഞു
വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടി വരുന്നു എന്നുള്ളത് ഗൗരവത്തോടെ ചിന്തിക്കണം. സ്ത്രീധനനിരോധന നിയമം നിലവിലുണ്ടെങ്കിലും ആ നിയമത്തിന്റെ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ആരും ശ്രമിക്കുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സേ നോ ടു ഡൗറി എന്ന പേരിൽ ജില്ലാ പൊലീസ് തയ്യാറാക്കിയ പോസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു. അപരാജിതയുടെ നോഡൽ ഓഫീസറും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായ ആർ. നിശാന്തിനി അദ്ധ്യക്ഷത വഹിച്ചു.
സ്ത്രീധനത്തിനെതിരെ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബോധവത്കരണ വീഡിയോ പ്രദർശനോദ്ഘാടനം ജില്ലാ അഡീഷണൽ എസ്.പി പി. രാജൻ നിർവഹിച്ചു. ജില്ലാ പൊലീസ് ഫോട്ടോഗ്രാഫർ ജി. ജയദേവ കുമാറാണ് ബോധവത്കരണ വീഡിയോ തയ്യാറാക്കിയത്.
കണ്ടോൺമെന്റ് എസ്.ഐ. സി. മധുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ബോധവത്കരണ ആൽബത്തിന്റെ പ്രദർശവും നടന്നു.
തുടർന്ന് സേ നോ ടു ഡൗറി എന്നെഴുതിയ വർണ ബലൂണുകൾ മന്ത്രി വീണാജോർജ്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി എന്നിവർ ചേർന്ന് ആകാശത്തേക്ക് പറത്തി. വനിതാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.ആർ ലീലാമ്മ,
പൊലീസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |