SignIn
Kerala Kaumudi Online
Friday, 26 April 2024 8.57 AM IST

നാടുനീങ്ങി നാട്ടുമീൻ

fish

അരുവാപ്പുലം : സംരക്ഷണമില്ലാതെ നാടൻ മത്സ്യഇനങ്ങൾ വംശനാശ ഭീഷിണി നേരിടുന്നു. വിനാശകരമായ മത്സ്യബന്ധനരീതികൾ, ആവാസവ്യവസ്ഥയുടെ ശോഷണം, നദിയിലെ മലിനീകരണം എന്നിവയാണ് ജില്ലയിലെ നാടൻമത്സ്യ സമ്പത്ത് കുറയാൻ കാരണം. നാട്ടുമത്സ്യങ്ങൾ ഭീഷണിയിലായതോടെ ഇവയെ സംരക്ഷിക്കാൻ സർക്കാർ പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. പ്രജനനത്തിനായി ഒരു ആവാസവ്യവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുന്ന ജീവിവർഗ്ഗമാണ് മത്സ്യങ്ങൾ. മത്സ്യ സമ്പത്തിന്റെ നിലനിൽപ്പിനെ നിർണ്ണയിക്കുന്ന പ്രധാന പ്രതിഭാസവുമിതാണ്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി മത്സ്യങ്ങൾ കൂട്ടത്തോടെ പാടശേഖരങ്ങളിലേക്കും കൈതോടുകളിലേക്കും കയറുന്നതിനെയാണ് നാട്ടിൻപുറത്തുകാർ ഊത്ത എന്ന് വിളിക്കുന്നത്. മുമ്പ് നദികളിൽ നിന്ന് വയലുകളിലേക്കും ചെറുജലാശയങ്ങളിലേക്കും വിശാലമായി യാത്ര ചെയ്യാൻ മത്സ്യങ്ങൾക്ക് കഴിയുമായിരുന്നു. എന്നാൽ തോടുകൾ അടഞ്ഞതും വയലുകൾ നികന്നതും മത്സ്യങ്ങളുടെ പ്രജനനത്തിന് തടസമായി. കീടനാശിനി പ്രയോഗം വർദ്ധിച്ചതും തിരിച്ചടിയായി. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി വളർത്തു മത്സ്യങ്ങളെ നദികളിലേക്കു തുറന്നുവിടാൻ തുടങ്ങിയതും നാടൻ മത്സ്യങ്ങൾക്ക് ഭീഷണിയായി.

മത്സ്യക്കുരുതി

മത്സ്യങ്ങളുടെ പ്രജനനകാലത്ത് നടക്കുന്ന ഊത്തപിടുത്തത്തിലൂടെ മത്സ്യക്കുരുതിയാണ് നടക്കുന്നത്. 2010ലെ ഉൾനാടൻ ഫിഷറീസ് അക്വാ കൾച്ചർ ആക്ട് നിലനിൽക്കുന്നുണ്ടെങ്കിലും അത് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്‌. അനധികൃതമായി മത്സ്യബന്ധനം നടത്തിയാൽ 15000 രൂപ പിഴയും ആവർത്തിച്ചാൽ 6 മാസം തടവും വിധിക്കാമെന്നാണ് നിയമം. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നടപടി സ്വീകരിക്കാം.

പ്രജനന കാലത്തു കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നതിനാൽ മത്സ്യങ്ങൾ കൂട്ടത്തോടെ പിടിക്കപ്പെടുന്നത് ഒരു പരിധിവരെ തടയാൻ കഴിയുന്നുണ്ട്. പുഴകളിലെയും ഉൾനാടൻ ജലാശയങ്ങളിലെയും ശുദ്ധജലമത്സങ്ങൾ പിടിക്കുന്നത് തടയാൻ ഫലപ്രദമായ സംവിധാനങ്ങൾ ആവശ്യമാണ്.

ശുദ്ധജല മത്സ്യബന്ധനം പൂർണ്ണമായി നിരോധിച്ചും പുഴകളുമായി ബന്ധിപ്പിക്കുന്ന കൈതോടുകളും നെൽപ്പാടങ്ങളും സംരക്ഷിച്ചും വിനാശകരമായ മത്സ്യബന്ധനരീതികളെ പറ്റി ജനങ്ങളെ ബോധവൽക്കരിച്ചും ഇതിനു പരിഹാരം കാണണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

വംശനാശ ഭീഷണിയിൽ

ചെമ്പല്ലി, മുഷി, വാരൽ, കാരി, ആറ്റുകൊഞ്ച്, മഞ്ഞക്കൂരി, പള്ളത്തി, വയമ്പ്, കല്ലേമുട്ടി, മിസ്കേരള, ചേറുമീൻ, ആറ്റുവാള,ആരകൻ.

നിരോധിച്ച മത്സ്യബന്ധന രീതികൾ

ഒറ്റാൽ, അടിച്ചിൽ, ചാട്ടം, നാത്തൂട്, വീശുവല, ഒടക്കുവല, കുത്തുവല, തോട്ട, വൈദ്യുതി, തുരിശ് എന്നിവയുപയോഗിച്ചുള്ള മീൻപിടുത്തം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.