തിരുവല്ല : പിതാവിന്റെ ശിക്ഷണത്തിൽ ബോക്സിംഗ് താരങ്ങളായിരിക്കുകയാണ് തോമസും ദാനിയയും. ബോക്സിംഗ് അസോസിയേഷൻ ജില്ലാ ടീം പരിശീലകനായ വളഞ്ഞവട്ടം മട്ടയ്ക്കൽ കാരിക്കോട്ട് അഡ്വ.ദാനിയേൽ തോമസിന്റെ മക്കളായ തോമസും ദാനിയയുമാണ് ബോക്സിംഗിൽ നേട്ടം കൈവരിച്ചത്. ആറ്റിങ്ങലിൽ നടന്ന സംസ്ഥാന സബ് ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലാണ് ഇരുവരും മെഡലുകൾ നേടി ജില്ലയ്ക്ക് അഭിമാനമായത്. മകൻ തോമസ് ദാനിയേൽ ബി കാറ്റഗറി 50 കിലോ വിഭാഗത്തിൽ മികച്ചപ്രകടനം കാഴ്ചവെച്ച് സ്വർണ്ണ മെഡൽ സ്വന്തമാക്കി. എ കാറ്റഗറിയിലെ 64 കിലോ വിഭാഗത്തിൽ വെങ്കലം നേടി മകൾ ദാനിയ ദാനിയേലും ബോക്സിംഗ് പാരമ്പര്യം കാത്തുസൂക്ഷിച്ചു. തിരുവല്ല എം.ജി.എം സ്കൂളിൽ യഥാക്രമം 7, 9 ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ബോക്സിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയായ അഡ്വ.ദാനിയേൽ 1998ൽ കേരള സ്റ്റേറ്റ് ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവാണ്. 2000ൽ കേരള സ്റ്റേറ്റ് സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലും കരസ്ഥമാക്കിയിട്ടുണ്ട്. തന്റെ മക്കളെയെല്ലാം ബോക്സിംഗ് താരങ്ങളാക്കാനാണ് ദാനിയേൽ തോമസിന്റെ ലക്ഷ്യം. ഇതിനായി ഇളയമകളും മൂന്നാംക്ലാസ് വിദ്യാർത്ഥിനിയുമായ ആൻ ദാനിയേലിനേയും ബോക്സിംഗ് പഠിപ്പിക്കുന്നു. ദാനിയേൽ പരിശീലിപ്പിച്ച അഞ്ച് വിദ്യാർത്ഥികൾ മുമ്പ് ജില്ലയ്ക്കുവേണ്ടി മെഡലുകൾ നേടിയിട്ടുണ്ട്. ബോക്സിംഗ് തിരക്കുകൾക്കിടെ ദാനിയേൽ തോമസ് തിരുവല്ല ബാറിലെ അഭിഭാഷകനുമായി സേവനമനുഷ്ഠിക്കുന്നു. ഭാര്യ: ഗ്രീനകോശി അടൂർ പടിഞ്ഞാറെ മുറിയിൽ കുടുംബാംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |