പത്തനംതിട്ട : സംരക്ഷിത വന മേഖലയ്ക്ക് ചുറ്റം ഒരു കിലോമീറ്റർ പരിസ്ഥിതി മേഖലയായി നിലനിറുത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ റിവിഷൻ ഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ അരുവാപ്പുലം, ചിറ്റാർ, സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശ്ശേരിക്കര പഞ്ചായത്തുകളിലും വെച്ചൂച്ചിറ പഞ്ചായത്തിൽ ഉൾപ്പെട്ട കൊല്ലമുള വില്ലേജിലും ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു. ജനവാസമേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ദീർഘനാളായുള്ള ജനങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതിനുള്ള നടപടികളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതുകൊണ്ടാണ് സുപ്രീം കോടതിയിൽ നിന്ന് ഇത്തരത്തിൽ ഉത്തരവ് ഉണ്ടായതെന്നും സർക്കാരുകളുടെ നിസംഗതക്കെതിരായി കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് അഭ്യർത്ഥിച്ചു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു , ഭാരവാഹികളായ റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം , വെട്ടൂർ ജ്യോതിപ്രസാദ്, ടി.കെ സാജു, സതീഷ് പണിക്കർ എന്നിവർ വിവിധയിടങ്ങളിലെ പരിപാടികൾക്ക് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |