മണ്ണടി : സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത എല്ലാവരെയും ആദരിച്ചുകൊണ്ടാവണം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിപുലവും ദീർഘവുമായ മഹാപ്രസ്ഥാനമാണ് സ്വാതന്ത്യ സമരം. ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഏകമുഖമല്ല. ചെറുതും വലുതുമായ പ്രതിഷേധങ്ങൾ ദേശീയബോധത്തെ ഉണർത്തുന്നതാണ്. കച്ചവടത്തിനു വന്നവർ അധികാരം കൈയടക്കാൻ ശ്രമിച്ചപ്പോൾ പ്രതികരിച്ചത് ചരിത്രമാണെന്നും മന്ത്രി പറഞ്ഞു. വൈദേശിക ശക്തികൾക്കെതിരെ പടനയിച്ച ദേശാഭിമാനികളുടെ ആശയങ്ങളും ആദർശങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സംഘടിപ്പിക്കുന്നത്. 1809ലെ വേലുത്തമ്പിദളവയുടെ ജീവൽത്യാഗം എന്ന വിഷയത്തിലാണ് മണ്ണടിയിൽ പുരാവസ്തു വകുപ്പ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ വി.കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ , സി.കൃഷ്ണകുമാർ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്തംഗം എസ്.ഷിബു , അഡ്വ.എസ്.മനോജ്, അരുൺ കെ.എസ് മണ്ണടി , മണ്ണടി പരമേശ്വരൻ , മുസ്തഫ, പുരാവസ്തു ഡയറക്ടർ ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |