കോഴഞ്ചേരി : കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പരിസരത്ത് ആരംഭിച്ച നാട്ടുച്ചന്ത ഉൽപ്പന്നങ്ങളുടെ വൈവിദ്ധ്യത്താൽ ശ്രദ്ധേയമാകുന്നു. വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ, നാടൻ ഭക്ഷ്യോത്പന്നങ്ങൾ, മുട്ട, വിവിധതരം അച്ചാറുകൾ, ധാന്യപൊടികൾ എന്നിവ ചന്തയിൽ ലഭ്യമാണ്. എല്ലാ ആഴ്ചയിലും വ്യാഴം,വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെയാണ് ചന്ത പ്രവർത്തിക്കുന്നത്. കീടനാശിനി വിമുക്തമായ കാർഷിക ഉൽപന്നങ്ങളും മായം കലരാത്ത ഭക്ഷ്യവസ്തുക്കളും ചന്തയുടെ പ്രത്യേകതയാണ്. ജാതിക്ക, ചക്ക എന്നിവയിൽ നിർമ്മിക്കുന്ന ശീതളപാനീയങ്ങൾ, പലഹാരങ്ങൾ, മറ്റുമൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവ കൂടാതെ പച്ചച്ചക്ക, ചക്കപ്പഴം, ചക്കക്കുരു, ഓമയ്ക്ക എന്നിവ പാചകത്തിന് അനുയോജ്യമായ വിധത്തിൽ വൃത്തിയാക്കി അരിഞ്ഞ് പാക്കുചെയ്തുനൽകുന്നതിന് ആവശ്യക്കാർ ഏറെയാണ്. വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരും ചക്ക വിഭവങ്ങൾ തേടി നാട്ടുച്ചന്തയിൽ എത്തുന്നു. നാടൻ പലഹാരങ്ങളായ ചക്കയപ്പം, വട്ടയപ്പം, ഉണ്ണിയപ്പം എന്നിവ കൂടാതെ മീൻ , ജാതിക്ക, വാഴപ്പിണ്ടി, റംബുട്ടാൻ, മാങ്ങ എന്നിവയിൽ തയ്യാറാക്കിയ അച്ചാറുകളും ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിച്ച കാരറ്റ്, തക്കാളി, പച്ചക്കറികൾ എന്നിവയും ചന്തയിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |