തിരുവനന്തപുരം: പ്രായമേറിയതിനാൽ ശരീരം തടിക്കുകയും ചടഞ്ഞുകൂടുകയും ചെയ്യുന്ന വളർത്തു നായ്ക്കളുടെ ആരോഗ്യ പ്രശ്നങ്ങൾ മൂലം വലയുന്നവർ ആശങ്കപ്പെടേണ്ട.പരിഹാരവുമായി കമാൻഡോ സുരേഷ് ഉണ്ട്.വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെയുള്ള ചികിത്സയും ഒരാഴ്ചയിൽ കുറയാത്ത ഹോസ്റ്റൽ സംരക്ഷണവും പേയാടുള്ള 'കമാൻഡോ' സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.വെറ്ററിനറി ഡോക്ടർ പരിശോധിച്ച് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സുഖചികിത്സ നൽകുക. പ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് നൽകും.പ്രത്യേകം തയ്യാറാക്കുന്ന എണ്ണ ഉപയോഗിച്ച് തലയിലും ശരീരത്തും മസാജിംഗ് ചെയ്യും.ആഹാര ക്രമീകരണത്തോടെ വ്യായാമവും പരിശീലനവും ഉറപ്പാക്കും.സുഖചികിത്സ സൗജന്യമാണെങ്കിലും ഹോസ്റ്റൽ അടക്കമുള്ളവയ്ക്ക് ഫീസ് നൽകേണ്ടിവരും.
20 വർഷമായി നായ്ക്കൾക്ക് പരിശീലനം നൽകുന്ന കമാൻഡോ സുരേഷ്, 6 മാസത്തിനിടയിൽ 20ഓളം വളർത്തുനായ്ക്കൾക്ക് സുഖചികിത്സ നൽകി. ആവശ്യമെങ്കിൽ വീടുകളിലെത്തിയും ചികിത്സ നൽകും.
യാത്രകൾക്കും മറ്റും പോകുന്നവരുടെ നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള ഹോസ്റ്റൽ സൗകര്യവും ബ്യൂട്ടി പാർലറും മൊബൈൽ ആശുപത്രിയും ഇവിടുണ്ട്. നായ്ക്കളെ സംസ്കരിക്കുന്നതിനുള്ള ശ്മശാനവും 'കമാൻഡോ'യിലുണ്ട്. വളർത്തുനായ്ക്കളെ വാടകയ്ക്ക് നൽകുന്നത് കൂടാതെ ഉടമകൾ ഉപേക്ഷിക്കുന്ന നായ്ക്കളെ ഏറ്റെടുത്ത് ആവശ്യക്കാർക്ക് വളർത്താനും നൽകും.
ചികിത്സാരീതി
രാവിലെയും വൈകിട്ടും ചെറുചൂടുവെള്ളത്തിൽ കുളിപ്പിക്കും.അതിനുശേഷം അരമണിക്കൂർ പ്രത്യേക അനുപാതത്തിൽ പലതരം കൂട്ടുകൾ ചേർത്ത് തയ്യാറാക്കിയ എണ്ണ ഉപയോഗിച്ച് ഉഴിയും. തലയിലും കൈകാലുകളിലുമാണ് മസാജിംഗ് ചെയ്യുക. മസാജിംഗ് കഴിഞ്ഞാൽ വിശ്രമം.കൃത്യമായ ഇടവേളകളിൽ വ്യായാമവും നീന്തലും. മൂന്നുനേരവും പ്രോട്ടീൻ,വൈറ്റമിൻ,കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണം. ആഹാരം കഴിക്കാൻ മടിയുള്ളവയ്ക്ക് ലിവർ കലർത്തിയുള്ള ഭക്ഷണവും നൽകും.
5 വയസ് മുതൽ 14 വയസ് വരെയുള്ള നായ്ക്കൾക്കാണ് സുഖചികിത്സ നൽകുന്നത്. ഈ പ്രായത്തിലുള്ളവയ്ക്ക് തടികൂടാനും കൈകാലുകൾക്ക് പരാലിസിസ് വരാനും ഇടയുണ്ട്. അങ്ങനെയുള്ളവയ്ക്ക് എഴുന്നേറ്റ് നടക്കാൻ കഴിയില്ല. രോഗം വരുന്നതിനു മുമ്പ് ചികിത്സ നൽകുകയാണ് പ്രധാനം.
:-കമാൻഡോ സുരേഷ്
ഫോട്ടോ:
1. കമാൻഡോ സുരേഷ്
2. സുഖചികിത്സ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |