SignIn
Kerala Kaumudi Online
Thursday, 23 April 2026 5.26 PM IST

ടൂറിസം ഭൂപടത്തിലേക്ക് തമ്പുരാട്ടിപ്പാറയും

Increase Font Size Decrease Font Size Print Page
tour

അധിക‌ൃതർ സ്ഥലം സന്ദർശിച്ചു

കിളിമാനൂർ: ജില്ലയിലെ ടൂറിസം ഭൂപടത്തിൽ തമ്പുരാട്ടിപ്പാറയും ഇടംപിടിക്കും.പഴയകുന്നുമ്മൽ പഞ്ചായത്തിലെ തമ്പുരാട്ടിപ്പാറയിലെ ടൂറിസം സാദ്ധ്യത വിവിധ സർക്കാർ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും,ടൂറിസം വകുപ്പ് പ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ ചാരുപാറയ്ക്ക് സമീപം തലയുയർത്തി നിൽക്കുന്ന തമ്പുരാട്ടിപ്പാറ ടൂറിസം കേന്ദ്രമാക്കണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

തമ്പുരാട്ടി പാറയെയും,പുളിമാത്ത് പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ കടലുകാണിപ്പാറയെയും ബന്ധിപ്പിച്ച് കൊണ്ട് റോപ്പ് വേ ഉൾപ്പെടെയുള്ള ടൂറിസം വികസന സാദ്ധ്യതകളെ കുറിച്ച് മുൻപ് പഠനം നടത്തുകയും, അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ.ബേബി ഇക്കാര്യത്തിൽ താത്പ്പര്യം കാട്ടുകയും ചെയ്തിരുന്നു.എന്നാൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളുണ്ടായില്ല.

ഇതേസമയം കടലുകാണി പാറയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിന്റെ ഇടപെടലിനെതുടർന്ന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപ വിനിയോഗിച്ച് നിരവധി പദ്ധതികൾ നടപ്പിലാക്കി,ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയും ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുകയും ചെയ്തു.റോപ്പ്‌വേ സംവിധാനം ഉൾപ്പെടെയുള്ളവ നടപ്പിലാക്കി തമ്പുരാട്ടിപ്പാറയെയും ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രസമുള്ള കാഴ്ചകൾ

മുകൾപ്പരപ്പിൽ ഒരു ഫുട്ബാൾ ഗ്രൗണ്ടിനോളം വലിപ്പമുള്ള വിശാലമായ ഇടവും,പാറയുടെ ഒരുവശത്തായി ഗുഹയുമുണ്ട്.ഇവിടുന്ന് നോക്കിയാൽ കണ്ണെത്താം ദൂരത്തെ കാഴ്ചകൾ കാണാം.മറുവശത്ത് കുറ്റിച്ചെടികളും കാട്ടുമരങ്ങളുമായി വന്യഭംഗിയുമായാണ് പാറയുടെ നിൽപ്പ്.വാനരൻമാരും, മയിലും, മുള്ളൻപ്പന്നിയും കാഴ്ചയ്ക്ക് വിരുന്നൊരുക്കുന്നു.പ്രകൃതിരമണീയമായ ഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന തമ്പുരാട്ടിപ്പാറയുടെ താഴ്വരയിലൂടെ ഒഴുകുന്ന ചിറ്റാറും സമീപത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

സ്ഥിതി ചെയ്യുന്നത് ചിറ്റാറിന്റെ കരയിൽ

ഭൂനിരപ്പിൽ നിന്നുള്ള ഉയരം 800 അടി

ടൂറിസം സാദ്ധ്യതകൾ

1) കടലുകാണി പാറയും തമ്പുരാട്ടിപാറയും തമ്മിൽ റോപ്പ് വേ

2) സാഹസിക ടൂറിസം.

3) പിൽഗ്രിം ടൂറിസം

4) ജടായു പാറ പോലെ ഇലക്ട്രിക് കാറുകളിൽ ടൂറിസ്റ്റുകളെ മുകളിൽ എത്തിക്കാം.

5) കാഴ്ചകൾ കണ്ട് ഒടുവിൽ ചിറ്റാറിൽ നീരാടാം.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ