തിരുവനന്തപുരം: 'ജോജോ ആൻഡ് സെറ്റ് ", 'ജോയിന്റ് ", 'മരിജു ", 'ഇല", 'സ്റ്റഫ് ", 'സാധനം", 'ബോങ്ക് " എന്നൊക്കെ കോഡുഭാഷയിൽ വിളിക്കുന്ന മയക്കുമരുന്ന്, പുകയില, ലഹരിവസ്തുക്കൾ എന്നിവയുടെ വില്പന ലോക്ക്ഡൗൺ കാലയളവിൽ കുത്തനെ ഉയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ പരിശോധനയിൽ 663 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. പത്ത് ചെടികളും നശിപ്പിച്ചു. സ്കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന റാക്കറ്റുകളാണ് ലോക്ക്ഡൗണായപ്പോൾ ആവശ്യക്കാരായ കൗമാരക്കാരെത്തന്നെ ഇടനിലക്കാരാക്കി കച്ചവടം വ്യാപകമാക്കുന്നത്. ഒരുമാസത്തിനിടെ 20ഓളം പേരാണ് എക്സൈസ് സംഘത്തിന്റെ വലയിലായത്. ആന്ധ്രപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന കഞ്ചാവാണ് തലസ്ഥാനത്ത് വില്പന നടത്തുന്നത്. ലഹരിവസ്തുക്കൾ കടത്തിയതിന് ജയിലിൽ കഴിയുന്നവർ ജയിലിനുള്ളിൽ നിന്ന് ബസിനസ് നിയന്ത്രിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. അമിതമായി ലഹരി ഉപയോഗിക്കുന്ന കൗമാരക്കാരാണ് ലഹരി വസ്തുക്കൾ കടത്തുന്ന വാഹനങ്ങൾ ഓടിക്കുന്നത്. ആരെ വേണമെങ്കിലും ഇടിച്ചുതെറിപ്പാക്കാനാണ് ഇവർക്ക് മാഫിയ നൽകിയിരിക്കുന്ന നിർദ്ദേശം. തലസ്ഥാനത്തെ പ്രമുഖരുടെ മക്കളടക്കം നിരവധി പേർ കഞ്ചാവ് മാഫിയയുടെ കണ്ണികളാണെന്നും എക്സൈസ് സംഘം വ്യക്തമാക്കുന്നുണ്ട്.
ശിക്ഷകൾ ഇങ്ങനെ
20 കിലോയ്ക്ക് മുകളിൽ കഞ്ചാവ് പിടികൂടിയാൽ 20 വർഷം വരെ കഠിന തടവും 2 ലക്ഷം രൂപയുമാണ് പിഴ
20 കിലോ വരെയാണെങ്കിൽ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപയുമാണ് പിഴ
ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ല
ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അറിയാനുള്ള ആകാംക്ഷ, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാൻ, വിഷാദം മാറ്റാൻ, വീട്ടിലെ പ്രശ്നങ്ങൾ മറക്കാൻ, ക്ഷീണം മാറ്റാൻ എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധമാറാൻ കാരണങ്ങൾ നിരവധിയാണ്. ഇക്കാരണങ്ങൾ ലോക്ക്ഡൗൺ ആയപ്പോൾ ഇരട്ടിയായി. ഇങ്ങനെയുള്ളവരെ തേടിപ്പിടിച്ചാണ് കടത്തിലേക്ക് എത്തിക്കുന്നത്.
വിദഗ്ദ്ധർ പറയുന്ന ലക്ഷണങ്ങൾ
മുറിയിൽ കയറി അധികനേരം വാതിലടച്ചിരിക്കുക,
മണിക്കൂറുകളോളം കുളിക്കുക
ശരീരഭാരം അമിതമായി കുറയുകയോ കൂടുകയോ ചെയ്യുക
മറ്റു വിനോദോപാധികൾ ത്യജിക്കുക
ഇഷ്ടപ്പെട്ട ഹോബീസ്, ഹാബിറ്റ്സ് എന്നിവയിൽ താത്പര്യം ഇല്ലാതാവുക
ഉറക്കം, ഭക്ഷണം എന്നിവ ഒന്നുകിൽ വളരെ കുറഞ്ഞു പോവുക, അല്ലെങ്കിൽ വളരെ കൂടുക
വ്യക്തിബന്ധങ്ങളിൽ വിള്ളൽ വരിക,
വീട്ടിൽ ആർക്കും മുഖം നൽകാതെ ഒഴിഞ്ഞുമാറുക
ഒരു മാസത്തിനിടെ എക്സൈസ് പിടികൂടിയത് -
663 കിലോ കഞ്ചാവ്, 10 കഞ്ചാവ് ചെടികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |