തൃശൂർ: ബി.എസ്.എൻ.എൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികളും കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സീനിയർ ജനറൽ മാനേജർ എം.എസ്.ഹരി അറിയിച്ചു. 23ന് 4.30ന് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്റർ കൊളീജിയറ്റ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. മുൻ ഇന്ത്യൻ ഗോൾ കീപ്പർ വിക്ടർ മഞ്ഞില ഉദ്ഘാടനം ചെയ്യും. 28 വരെ നടക്കുന്ന ടൂർണമെന്റിൽ എട്ട് ടീമുകൾ മത്സരിക്കും.
29നു തൃശൂർ കോവിലകത്തുംപാടം ബി.എസ.എൻ.എൽ ഓഫീസ്, കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇ.എച്ച്.എസ്.എസ്, ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 12 വരെ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തും. ഒക്ടോബർ ഒന്നിന് 10നു കോവിലകത്തുംപാടത്തെ ഓഫീസിൽ രക്തദാന ക്യാമ്പ് നടത്തും. മൂന്നിനു വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി, തൃപ്രയാർ ഭാഗങ്ങളിൽ നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി സ്വരാജ് റൗണ്ട് ചുറ്റി കോവിലകത്തുംപാടം ഓഫിസിൽ സമാപിക്കും. നഗരം ചുറ്റി സൈക്കിൾ റാലിയും നടത്തും.
ആഘോഷങ്ങൾക്കു സമാപനം കുറിച്ച് ഏഴിനു നാലിനു തൃശൂർ പട്ടാളം റോഡ് സെൻട്രൽ ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി തെക്കെ ഗോപുരനടയിൽ സമാപിക്കും. തുടർന്ന് ഫ്‌ളാഷ് മോബും അരങ്ങേറുമെന്ന് ഡപ്യൂട്ടി ജനറൽ മാനേജർമാരായ വി. രവിചന്ദ്രൻ, ദുർഗ രാമദാസ്, മോളി പോൾ, പി.ആർ.ഒ: ടി.ജി. ജോഷി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |