തൃശൂർ : തൃക്കാക്കര മോഡൽ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി രമ്യ ഹരിദാസിനെ ഇറക്കി യു.ഡി.എഫ് കളം നിറഞ്ഞതോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കളത്തിലിറങ്ങാൻ എൽ.ഡി.എഫും എൻ.ഡി.എയും. സി.പി.എം തുടർച്ചയായി മത്സരിക്കുന്ന ചേലക്കരയിൽ നാട്ടുകാരൻ കൂടിയായ യു.ആർ.പ്രദീപിനെയും എൻ.ഡി.എ തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണനെയുമാണ് പരിഗണിക്കുന്നത്.
പ്രചരണത്തിന് കുറച്ച് ദിവസങ്ങളേയുള്ളൂവെന്നതിനാൽ പെട്ടെന്ന് രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. ഇരു മുന്നണികളും ഏതാണ്ട് ധാരണയിലെത്തിയിട്ടുള്ള സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ സുപരിചിതരാണ്. മൊത്തം മണ്ഡലത്തിന്റെ ചരിത്രം എൽ.ഡി.എഫിന് അനുകൂലമാണ്. 1965 മുതൽ 14 തിരഞ്ഞെടുപ്പിൽ എട്ടും സി.പി.എം ജയിച്ചപ്പോൾ ആറ് തവണ മാത്രമാണ് കോൺഗ്രസ് നേടിയത്.
2006ലെ തിരഞ്ഞെടുപ്പ് മുതൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലാണ്. അതിന് മുമ്പ് ഒരു പാർട്ടിക്കും പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം നേടാനായിട്ടില്ല. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കച്ചിത്തുരുമ്പായത് ചേലക്കര ഉൾപ്പെടുന്ന ആലത്തൂർ മണ്ഡലമാണ്.
എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ നിറംമങ്ങിയ പ്രകടനം കോൺഗ്രസിന് ആശ പകരുന്നു. പക്ഷേ തുടർച്ചയായുള്ള ഭരണവും ഭരണവിരുദ്ധ വികാരവും മാറിയ രാഷ്ട്രീയ സാഹചര്യവും ഇടതിനെ വീഴ്ത്തുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ലോകസഭയിലെ വോട്ടുവർദ്ധനവാണ് മണ്ഡലത്തിന് സുപരിചിതനായ സ്ഥാനാർത്ഥിയെ ഇറക്കി കളം പിടിക്കാൻ എൻ.ഡി.എയെ പ്രേരിപ്പിക്കുന്നത്.
എൽ.ഡി.എഫിൽ ആത്മവിശ്വാസം ഇവ
യു.ആർ.പ്രദീപ് 2016 മുതൽ അഞ്ച് വർഷം ചേലക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എ
നിലവിൽ പട്ടികജാതി കോർപറേഷൻ ചെയർമാൻ
പാർട്ടിയുടെ വിവിധ പോഷക സംഘടനകളിലെ ഭാരവാഹി
നിരന്തരം മണ്ഡലത്തിലെ ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നയാൾ
യു.ഡി.എഫിന് മേൽക്കൈ ഇവ
രമ്യ ഹരിദാസ്, മുൻ എം.പിയെന്ന നിലയിൽ ചേലക്കരയ്ക്ക് സുപരിചിത
ആദ്യം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം
കാര്യമായ അലോസരങ്ങളില്ലാത്ത പ്രഖ്യാപനം
സംഘടനാതലത്തിലും മുൻകൂട്ടിയുള്ള ഒരുക്കങ്ങൾ
ബി.ജെ.പിയുടെ പ്രതീക്ഷകൾ
തിരുവില്വാമല മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റെന്ന നിലയിൽ ബാലകൃഷ്ണനുള്ള ജനകീയ പ്രതിച്ഛായ
മണ്ഡലത്തിൽ സംഘടനാപ്രവർത്തനവുമായി സജീവം
ബി.ജെ.പിയുടെ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി
എട്ടു തവണ സി.പി.എം
കെ.കെ.ബാലകൃഷ്ണൻ, ഡോ.എം.എ.കുട്ടപ്പൻ, എം.പി.താമി എന്നിവരാണ് കോൺഗ്രസിൽ നിന്ന് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. പി.കുഞ്ഞൻ, സി.കെ.ചക്രപാണി, കെ.രാധാകൃഷ്ണൻ, യു.ആർ.പ്രദീപ് എന്നിവരായിരുന്നു സി.പി.എം അംഗങ്ങൾ. കൂടുതൽ തവണ വിജയിച്ചത് കെ.രാധാകൃഷ്ണൻ. രണ്ടുതവണ മന്ത്രിയും ഒരു തവണ സ്പീക്കറുമായി. കോൺഗ്രസിലെ കെ.കെ.ബാലകൃഷ്ണനും നാലു തവണ വിജയിച്ചു. മന്ത്രിപദവും അലങ്കരിച്ചു.
കുറഞ്ഞത് 106,
1965ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.കെ.ബാലകൃഷ്ണൻ 106 വോട്ടിനാണ് സി.പി.എമ്മിലെ സി.കെ.ചക്രപാണിയെ പരാജയപ്പെടുത്തിയത്. ഇതാണ് മണ്ഡലചരിത്രത്തിലെ ഇതുവരെയുള്ള കുറഞ്ഞ ഭൂരിപക്ഷം.
കൂടിയത് 39,400
കൂടുതൽ ഭൂരിപക്ഷം 2021ലെ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണൻ നേടിയത്. 39,400 വോട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |