തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ 44 രോഗികൾക്കും 37 കൂട്ടിരിപ്പുകാർക്കും അടക്കം 81 പേർക്ക് കൊവിഡ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ രോഗികളും കൂട്ടിരിപ്പുകാരുമായി നൂറോളം പേർ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരും ഇതിൽ ഉൾപ്പെടും. അമ്പതോളം മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും കഴിഞ്ഞ ദിവസം രോഗബാധിതരായി. ഇതോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കടുത്ത നിയന്ത്രണത്തിലായി.
ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കും രോഗം ബാധിച്ചതോടെ ആശങ്ക ശക്തമായി. ഓപ്പറേഷൻ തിയേറ്ററുകളിലും, വാർഡുകളിലും കൊവിഡ് വ്യാപിച്ചു. വിദ്യാർത്ഥികൾക്ക് രോഗബാധയുളളതിനാൽ, അവരുടെ സമ്പർക്കത്തിൽ ഉള്ളവരും പോസിറ്റീവ് ആകാനുള്ള സാദ്ധ്യത കൂടുതലാണ്. ഡെന്റൽ വിഭാഗത്തിലെ കൂടൂതൽ വിദ്യാർത്ഥികളെ പരിശോധനയ്ക്ക് വിധേയരാക്കി. ആശുപത്രി ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് നിയന്ത്രണങ്ങൾക്കും നടപടികൾക്കും ശുപാർശ ചെയ്തു. കർശന നിയന്ത്രണവും ഇടപെടലുകളുമുണ്ടായില്ലെങ്കിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ഹോസ്പിറ്റൽ ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി മുന്നറിയിപ്പ് നൽകി. സൂപ്രണ്ട്, മൈക്രോബയോളജി ഡോക്ടർ, എച്ച്.ഒ.ഡി ചെയർമാർ, ഹെഡ് നഴ്സുമാർ, നഴ്സിംഗ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം ഉന്നയിച്ചത്.
2,498 പേർക്ക് കൊവിഡ്:
പോസിറ്റിവിറ്റി15.69%
തൃശൂർ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.69 ശതമാനമായി ഉയർന്നതോടെ, 2,498 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1,970 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,271 ആണ്. തൃശൂർ സ്വദേശികളായ 96 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,09,936 ആണ്. 2,97,896 പേരാണ് ആകെ രോഗമുക്തരായത്. ശനിയാഴ്ച്ച സമ്പർക്കം വഴി 2,472 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 ആരോഗ്യപ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 07 പേർക്കും, ഉറവിടം അറിയാത്ത 06 പേർക്കും രോഗം ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |