തൃശൂർ: സ്വാതന്ത്ര്യ സമരചരിത്രത്തിലെ അറിയപ്പെടാത്ത വിവരങ്ങൾ കണ്ടെത്തി പുസ്തകമെഴുതാനുള്ള നിയോഗവുമായി കൊരട്ടി കറുകുറ്റി കിഴക്കേപ്പുറത്ത് വീട്ടിൽ അലീന അനബെല്ലി. സ്വാതന്ത്ര്യത്തിന്റെ 75 ാം വർഷം പ്രമാണിച്ച് 75 യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായുള്ള പ്രധാനമന്ത്രിയുടെ യുവ മെന്റർഷിപ്പിന്റെ ഭാഗമായാണ് രാജ്യത്തെ 75 പേർക്കൊപ്പം അലീനയും തെരഞ്ഞെടുക്കപ്പെട്ടത്. ബംഗളൂരുവിൽ നിയമ വിദ്യാർത്ഥിയാണ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പും നാഷണൽ ബുക്ക് ട്രസ്റ്റും ചേർന്നാണ് 30 വയസിൽ താഴെയുള്ളവരിൽ നിന്ന് വിവിധ മത്സര പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയത്. ആറ് മാസത്തിനുള്ളിൽ പുസ്തക രചന പൂർത്തിയാക്കണം. പ്രതിമാസം 50,000 രൂപ വീതം സ്കോളർഷിപ്പും പുസ്തക വിൽപ്പനയുടെ 10 ശതമാനം റോയൽറ്റിയും എഴുതാനുള്ള സൗകര്യവും നൽകും. മുൻപ് ഗ്ളോബൽ ഡയലോഗ് ക്രിയേഷൻ സമ്മിറ്റിൽ ഒന്നാം സ്ഥാനത്തോടെ യു.എൻ ആസ്ഥാനത്ത് പ്രസംഗിക്കാൻ അലീനയ്ക്ക് അവസരം ലഭിച്ചിരുന്നു. ഹൈക്കോടതി അഭിഭാഷകരായ അനിൽ പ്രഭയുടെയും രാജേശ്വരിയുടെയും മകളാണ്.
107 പേർക്ക് കൊവിഡ്
തൃശൂർ : ജില്ലയിൽ 107 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 268 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,768 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,49,450 ആണ്. 5,44,669 പേരാണ് ആകെ രോഗമുക്തരായത്.
കാർഷിക യന്ത്രനിർമ്മാതാക്കളുടെ സംഗമം
തൃശൂർ: കേരളത്തിന്റെ ഭൂപ്രകൃതിക്കും, കൃഷിക്കും, കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാർഷിക യന്ത്രം വികസിപ്പിക്കുന്നവരുടെ സംഗമം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഫെബ്രുവരിയിൽ സംഘടിപ്പിക്കും. ഇവർ വികസിപ്പിച്ച കാർഷിക യന്ത്രങ്ങളുടെ പ്രദർശനവുമുണ്ടാകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 15ന് മുൻപ് കാർഷിക യന്ത്രവത്കരണ മിഷനിലേക്ക് spokksasc1@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കണം. വാട്സ് ആപ്പ് അയച്ചാലും മതി. നമ്പർ: 8281200673.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |