ലോസാഞ്ചലസ് : ലോകം ആരാധിക്കുന്ന ജെയിംസ് ബോണ്ട് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുമ്പോൾ കേൾക്കുന്ന തീം സംഗീതത്തിന്റെ സ്രഷ്ടാവും സംഗീത സംവിധായകനും ഗായകനുമായ മോണ്ടി നോർമാൻ വിടവാങ്ങി. 94വയസായിരുന്നു.
1962ൽ ആദ്യ ബോണ്ട് ചിത്രമായ ഡോ. നോ മുതൽ ഇയോൺ പ്രൊഡക്ഷൻസ് നിർമ്മിച്ച എല്ലാ ബോണ്ട് സിനിമകളിലും നോർമാന്റെ തീം സംഗീതം കേൾക്കാം. ഷോൺ കോണറി നായകനായ ഡോ. നോയിലെ നോർമാന്റെ തീം സംഗീതം ഇംഗ്ലീഷ് കമ്പോസറായ ജോൺ ബാരിയാണ് പുനഃക്രമീകരിച്ചത്. പിന്നീട് ഇതുവരെ ഇറങ്ങിയ എല്ലാ ബോണ്ട്
സിനിമകളുടെയും തീം മ്യൂസിക് അതാണ്. ഇലക്ട്രിക് ഗിറ്റാറിന്റെ അകമ്പടിയോടെയുള്ള തീം സംഗീതത്തിൽ കാലാനുസൃതമായി സംഗീത സംവിധായകർ മാറ്റങ്ങൾ വരുത്തിയെങ്കിലും അടിസ്ഥാന സംഗീതത്തിന് മാറ്റമില്ല. ബോണ്ട് തീം മ്യൂസിക് തന്റെ സൃഷ്ടിയാണെന്ന് പിൽക്കാലത്ത് ബാരി അവകാശപ്പെട്ടെകിലും നോർമാൻ നിയമനടപടികളിലൂടെ തന്റെ അവകാശം സ്ഥാപിച്ചു. 30,000 പൗണ്ട് നഷ്ടപരിഹാരവും നോർമാന് ലണ്ടൻ കോടതി അനുവദിച്ചു. ബോണ്ടിന്റെ തീം മ്യൂസിക്കിന്റെ റോയൽറ്റിയായി 6,00,000 പൗണ്ടാണ് നോർമാൻ സ്വന്തമാക്കിയത്.
1928 ഏപ്രിൽ 4ന് ലണ്ടനിലെ ജൂത കുടുംബത്തിലാണ് നോർമാന്റെ ജനനം. 1950കളിൽ സ്റ്റാൻലി ബ്ലാക്ക്, ടെഡ് ഹീത്ത് തുടങ്ങിയ ഇംഗ്ലീഷ് ഗായകരുടെ സംഗീത സംഘങ്ങളിൽ ഗായകനായി. 1950കളിൽ സംഗീത സംവിധായകനായി.
ബ്രിട്ടീഷ് പോപ്പ് ഗായകൻ ക്ലിഫ് റിച്ചാർഡ് അടക്കമുള്ള ഗായകർക്കൊപ്പം പ്രവർത്തിച്ചു. സംഗീത നാടകങ്ങളിലെയും സിനിമകളിലെയും ഗാനങ്ങൾക്ക് വരികളുമെഴുതി. ദ ടൂ ഫേസസ് ഒഫ് ഡോ. ജെക്കിൾ, ദ ഡേ ദ എർത്ത് കോട്ട് ഫയർ തുടങ്ങിയ ചിത്രങ്ങളുടെ സംഗീതവും ചിട്ടപ്പെടുത്തി. ബ്രിട്ടീഷ് നടിയായിരുന്ന ഡയാന കൂപ്ലൻഡ് ആണ് ആദ്യ ഭാര്യ. ഒരു മകളുണ്ട്. പിന്നീട് വിവാഹമോചനം നേടി റീന സീസരിയെ വിവാഹം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |