വാഷിംഗ്ടൺ: അമേരിക്കയിലെ 47-ാമത് പ്രസിഡന്റായി അടുത്ത മാസം 20നാണ് ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്നത്. ഇതിനുമുന്നോടിയായി ട്രംപ് തന്റെ ഭരണത്തിലെ പ്രധാനികളെ ഘട്ടംഘട്ടമായി പ്രഖ്യാപിച്ചിരുന്നു. അക്കൂട്ടത്തിൽ പ്രമുഖനാണ് വ്യവസായിയായ എലോൺ മസ്‌ക്. ഇരുവരും തമ്മിലുളള സൗഹൃദവും ശ്രദ്ധേയമാണ്.
ട്രംപ് സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കൽ വകുപ്പിന്റെ (അമേരിക്കൻ എഫിഷൻസി ഡിപ്പാർട്ട്മെന്റ് ) മേൽനോട്ടം വഹിക്കുന്നത് എലോൺ മസ്കായിരിക്കും. ഇപ്പോഴിതാ അരിസോണയിലെ ഫീനിക്സിൽ നടന്ന റിപ്പബ്ലിക്കൻ സമ്മേളനത്തിൽ ട്രംപിനുനേരെ ഒരു ചോദ്യം ഉയർന്നു. എലോൺ മസ്‌ക് എന്നെങ്കിലും അമേരിക്കയുടെ പ്രസിഡന്റാകുമോയെന്നായിരുന്നു ചോദ്യം. ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'അമേരിക്കയിൽ ജനിച്ചവർക്ക് മാത്രമേ പ്രസിഡന്റാകാൻ സാധിക്കുകയുളളൂ. എലോൺ മസ്‌ക് സൗത്ത് ആഫ്രിക്കയിലാണ് ജനിച്ചത്. അതുകൊണ്ട് അമേരിക്കയുടെ പ്രസിഡന്റാകാൻ നിയമപരമായി അദ്ദേഹത്തിന് സാധിക്കില്ല'-ട്രംപ് പറഞ്ഞു.
എലോൺ മസ്‌കിനെ അമേരിക്കയുടെ പ്രസിഡന്റായി ചിത്രീകരിക്കുന്ന എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടിയുടെ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി കൊടുത്തു. അമേരിക്കയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരു വ്യക്തിക്ക് എങ്ങനെയാണ് ഇത്രയും വലിയ സ്ഥാനം നൽകുന്നതെന്നാണ് ഡെമോക്രാറ്റിക് പാർട്ടി ചോദിക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ പ്രസംഗത്തിന് എലോൺ മസ്ക് നൽകിയ മറുപടിയും ശ്രദ്ധേയമായി. മനോഹരമായ മറുപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എലോൺ മസ്കിനൊപ്പം കാര്യക്ഷമത വർദ്ധിപ്പിക്കൽ വകുപ്പിന്റെ ചുമതല അമേരിക്കൻ സംരംഭകനും രാഷ്ട്രീയ പ്രവർത്തകനുമായ വിവേക് രാമസ്വാമിക്കാണ് ട്രംപ് പകുത്ത് നൽകിയിരിക്കുന്നത്. ഭരണസംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് ഈ വകുപ്പിന്റെ ലക്ഷ്യം. അമിത നിയന്ത്രണങ്ങൾ ഒഴിവാക്കുക, അനാവശ്യ ചെലവുകൾ കുറയ്ക്കുക, ഫെഡറൽ ഏജൻസികളുടെ പുനഃസംഘടന എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |