കൊച്ചി: ജൂണിൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 17 ശതമാനം വർദ്ധിച്ച് റെക്കാഡ് ഉയരമായ 40,608 കോടി രൂപയിലെത്തി. ആഭ്യന്തര നിക്ഷേപകരിൽ നിന്ന് 2022 ഫെബ്രുവരിക്ക് ശേഷം ഓഹരി മ്യൂച്വൽ ഫണ്ടുകളിൽ 5.99 ലക്ഷം കോടി രൂപയാണ് ലഭിച്ചതെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഇന്ത്യൻ വിപണിയിലെ അറ്റ നിക്ഷേപം 33,361 കോടി രൂപയാണ്.
മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിന്റെയും സാമ്പത്തിക മേഖലയിലെ മികച്ച ഉണർവിന്റെയും കമ്പനികളുടെ ഗംഭീര പ്രകടനത്തിന്റെയും കരുത്തിൽ കഴിഞ്ഞ 40 മാസത്തിനിടെ നിഫ്റ്റി 65 ശതമാനം നേട്ടമാണുണ്ടാക്കിയത്.
ജൂണിൽ വലിയ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് 46 ശതമാനം ഉയർന്ന് 970 കോടി രൂപയിലെത്തി. അതേസമയം ചെറുകിട, ഇടത്തരം കമ്പനികളിൽ പണം മുടക്കുന്ന മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിന്റെ വളർച്ച നിരക്കിൽ കുറവുണ്ടായി.
സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലേക്കുള്ള നിക്ഷേപം ജൂണിൽ 21,262 കോടി രൂപയിലെത്തി പുതിയ റെക്കാഡിട്ടു.
ഓഹരി വിപണി പുതിയ ഉയരത്തിൽ
കൊച്ചി: ആഭ്യന്തര നിക്ഷേപകരുടെ വാങ്ങൽ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി പുതിയ റെക്കാഡ് ഉയരത്തിലെത്തി. ബോംബെ ഓഹരി സൂചിക സെൻസെക്‌സ് 391 പോയിന്റ് ഉയർന്ന് 80,351.64ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 113 പോയിന്റ് നേട്ടത്തോടെ 24,433.20ൽ വ്യാപാരം പൂർത്തിയാക്കി. ഹൈബ്രിഡ് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചതോടെ ഓട്ടോമൊബൈൽ മേഖലയിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് ഇന്നലെ മികച്ച മുന്നേറ്റം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |