കൊച്ചി: സാമ്പത്തിക മേഖലയ്‌ക്ക് വീണ്ടും ആശങ്ക സൃഷ്‌ടിച്ച് സെപ്തംബറിൽി ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.49 ശതമാനമായി ഉയർന്നു. റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിന് മുകളിലേക്ക് നാണയപ്പെരുപ്പം ഉയർന്നതോടെ മുഖ്യ പലിശ നിരക്കുകൾ ഉടനെയൊന്നും കുറയാനിടയില്ല. ഒൻപത് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തോത് കഴിഞ്ഞ മാസം 9.24 ശതമാനമായി ഉയർന്നു. നഗര, ഗ്രാമ മേഖലകളിൽ വിലക്കയറ്റം ശക്തമായി. ആഗസ്റ്റിൽ നാണയപ്പെരുപ്പം 3.65 ശതമാനമായിരുന്നു.
മൊത്ത വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 1.84 ശതമാനമായി ഉയർന്നു. ആഗസ്റ്റിലിത് 1.3 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റമാണ് സമ്മർദ്ദം ശക്തമാക്കിയത്. അവലോകന കാലയളവിൽ ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം ആഗസ്‌റ്റിലെ 3.11 ശതമാനത്തിൽ നിന്ന് 11.53 ശതമാനമായി ഉയർന്നു. വ്യാവസായിക ഉത്പന്നങ്ങൾ, ഇന്ധനം, വൈദ്യുതി എന്നിവയുടെ വിലക്കയറ്റത്തോത് കുറഞ്ഞു.
രൂപയ്ക്ക് അടിതെറ്റുന്നു
പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ ഇന്നലെയും ഇന്ത്യൻ രൂപയിൽ സമ്മർദ്ദമേറി. വിദേശ ബാങ്കുകൾ ഡോളർ വാങ്ങികൂട്ടിയതിനാൽ ഏഷ്യയിലെ മറ്റു നാണയങ്ങളും ദുർബലമായി. അമേരിക്കൻ ഡോളറിനെതിരെ രൂപ ഇന്നലെ 84.06ൽ വ്യാപാരം പൂർത്തിയാക്കി. ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡോയിൽ വിലയിലെ കുതിപ്പും രൂപയ്ക്ക് തിരിച്ചടിയായി.
വിപണിയിൽ ഇടപെട്ട് റിസർവ് ബാങ്ക്
രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് വിപണി ഇടപെടൽ ശക്തമാക്കുന്നു. പൊതുമേഖല ബാങ്കുകൾ വഴി വിപണിയിൽ നിന്ന് റിസർവ് ബാങ്ക് ഡോളർ വാങ്ങിയതാണ് രൂപയ്ക്ക് പിന്തുണയായത്.
പലിശ കുറയാൻ സമയമെടുക്കും
നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ ഡിസംബറിലും പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായേക്കില്ല. കഴിഞ്ഞ ദിവസം നടന്ന ധന അവലോകന നയത്തിൽ ധന നിലപാട് റിസർവ് ബാങ്ക് ന്യൂട്രലിലേക്ക് മാറ്റിയിരുന്നു. ഡിസംബറിൽ പലിശ കുറയുമെന്ന സൂചനയായാണ് നിക്ഷേപകർ ഇതിനെ വിലയിരുത്തിയത്. എന്നാൽ നാണയപ്പെരുപ്പം വീണ്ടും മുകളിലേക്ക് നീങ്ങുന്നതിനാൽ തിരക്കിട്ട് പലിശ കുറയ്ക്കുന്നതിന് റിസർവ് ബാങ്ക് തയ്യാറാവില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.59 ശതമാനമായി കുതിച്ചുയർന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |