കോട്ടയം: ഇറക്കുമതി ചെയ്ത ചരക്ക് വിപണിയിൽ നിറഞ്ഞതോടെ റബർ വില കഴിഞ്ഞ വാരവും താഴേക്ക് നീങ്ങി. ടയർ കമ്പനികൾ രണ്ട് മാസത്തേക്കുള്ള റബർ സ്‌റ്റോക്ക് ചെയ്തിട്ടുള്ളതിനാൽ വിപണിയിൽ നിന്ന് വാങ്ങുന്നില്ല. വില ഇനിയും കുറയുമെന്ന സാദ്ധ്യതയാണ് വ്യാപാരികൾ നൽകുന്നത്. രണ്ട് മാസം മുൻപ് 250 രൂപയ്‌ക്ക് മുകളിലെത്തിയ റബറിന്റെ വിപണി വില 177 രൂപയിലേക്കാണ് ഇടിഞ്ഞത്. റബർ ബോർഡ് വില 184 ആണെങ്കിലും സാധാരണ കർഷകർക്ക് വ്യാപാരി വിലയാണ് ലഭിക്കുന്നത്. വിപണിയിലെ ഈ ഏഴു രൂപ അന്തരം കുറയ്‌ക്കാൻ റബർ ബോർഡിന് കഴിഞ്ഞിട്ടില്ല .
ഇറക്കുമതി കർഷകർക്ക് വിനയാകുന്നു
1.കഴിഞ്ഞ വർഷം 2.54 ലക്ഷം ടണ്ണായിരുന്നു ഇറക്കുമതി. ഇത്തവണ സെപ്തംബർ വരെ 3.10 ലക്ഷം ടൺ റബറാണ് വിദേശത്ത് നിന്ന് എത്തിയത്
2.കർഷകർക്ക് ആശ്വാസം പകരാൻ ടയർ കമ്പനികളും റബർ ബോർഡ് ഉദ്യോഗസ്ഥരുമായുള്ള യോഗം ഇന്ന്
3. വാങ്ങൽ ശക്തമാക്കാൻ ടയർ കമ്പനികൾക്ക് മേൽ സമ്മർദ്ദം. സ്‌റ്റോക്ക് കൂടുതലായതിനാൽ പ്രയാസമെന്ന് കമ്പനികൾ
കുരുമുളകിനും പരീക്ഷണ കാലം
കഴിഞ്ഞ വാരം കുരുമുളകിന്റെ വില ക്വിന്റലിന് 1100 രൂപയാണ് കുറഞ്ഞത്. ഒരു മാസത്തിനിടെ ക്വിന്റലിന് 3400 രൂപ താഴ്ന്നു. ഇറക്കുമതിയാണ് വിനയാകുന്നത്. ശ്രീലങ്കയിൽ നിന്ന് 10433 ടണ്ണും ബ്രസീലിൽ നിന്ന് 1072 ടണ്ണും വിയറ്റ്നാമിൽ നിന്ന് 969 ടണ്ണും ഇവിടെയെത്തി. ഇന്തോനേഷ്യയിൽ 7200 ഡോളറായും ബ്രസീലിൽ 6800 ഡോളറായും ഇന്ത്യയിൽ 7850 ഡോളറായും വില കുറഞ്ഞു. ചൈന വാങ്ങൽ കുറച്ചതാണ് പ്രധാന തിരിച്ചടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |