കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഡിസംബർ 13ന് അവസാനിച്ച വാരത്തിൽ 200 കോടി ഡോളർ ഇടിഞ്ഞ് 65,287 കോടി ഡോളറായി. ആറ് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. ഡിസംബർ ആറിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരത്തിൽ 320 കോടി ഡോളറിന്റെ ഇടിവുണ്ടായിരുന്നു. സെപ്തംബർ27ന് വിദേശ നാണയ ശേഖരം റെക്കാഡ് ഉയരമായ 70,489 കോടി ഡോളറിൽ എത്തിയതിന് ശേഷം തുടർച്ചയായി താഴേക്ക് നീങ്ങുകയാണ്.
ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് ശേഷം വ്യാപാര രംഗത്തെ അനിശ്ചിതത്വം ശക്തമായതോടെ രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് തുടർച്ചയായി വിപണിയിൽ ഡോളർ വിറ്റഴിച്ചതാണ് വിദേശ നാണയ ശേഖരത്തിൽ ഇടിവുണ്ടാക്കിയത്.
കഴിഞ്ഞ വാരം ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയായ 85.1ൽ എത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞതും വിദേശ നാണയ ശേഖരത്തിൽ കുറവുണ്ടാക്കി. നിലവിൽ 680 കോടി ഡോളറിന്റെ സ്വർണ ശേഖരമാണ് റിസർവ് ബാങ്കിന്റെ കൈവശമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |