ക്രിപ്റ്റോ ഇടപാടുമായി സഹകരിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്
ന്യൂഡൽഹി: ഇന്ത്യയിൽ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുമായി സഹകരിക്കുന്ന ആദ്യ ബാങ്കെന്ന പെരുമ കോട്ടക് മഹീന്ദ്ര ബാങ്കിന് സ്വന്തം. പ്രമുഖ ബിറ്റ്കോയിൻ, ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീർഎക്സുമായാണ് ബാങ്കിന്റ സഹകരണം.
ക്രിപ്റ്റോകറൻസി ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് 2018ൽ ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.
റിസർവ് ബാങ്കിന്റെ നടപടി പിന്നീട് സുപ്രീംകോടതി റദ്ദാക്കി. തുടർന്ന്, റിസർവ് ബാങ്കോ കേന്ദ്രസർക്കാരോ ക്രിപ്റ്റോകറൻസികളെ അംഗീകരിക്കുകയോ വിലക്കുകയോ ചെയ്തിട്ടില്ല. വിലക്ക് നിലവിലില്ലാത്ത പശ്ചാത്തലത്തിലാണ് വസീർഎക്സുമായി കോട്ടകിന്റെ സഹകരണം.
ഇന്ത്യയിലെ ഏറ്റുവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലൊന്നാണ് വസീർഎക്സ്. രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകാരുടെ എണ്ണംകൂടുന്ന പശ്ചാത്തലത്തിലാണ് ബാങ്കിന്റെ നീക്കം. ക്രിപ്റ്റോ ഇടപാടുകാർക്ക് കോട്ടക് ബാങ്ക് അക്കൗണ്ടിലൂടെ ക്രിപ്റ്റോകറൻസികൾക്കായി പണം ചെലവാക്കാനും ക്രിപ്റ്റോകൾ വിറ്റഴിച്ച് പണം നേടാനും കഴിയും.
അതേസമയം, സഹകരണം സംബന്ധിച്ച് കോട്ടക് മഹീന്ദ്ര ബാങ്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തേ എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ ക്രിപ്റ്റോ സഹകരണങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു. ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കുന്ന ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തവർഷമാദ്യം ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസി റിസർവ് ബാങ്ക് പുറത്തിറക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |