മനുഷ്യൻ ഏറെനാളായി ചോദിക്കുന്ന ഒന്നാണ് ലോകാവസാനം എന്നതുണ്ടാകുമോ എന്ന്. ഭൂമിയിൽ വിവിധ സ്‌പീഷീസുകളിൽ പെട്ട പല ജീവികളും വിവിധ പ്രതിഭാസങ്ങളാൽ ഇല്ലാതായി പോയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ദിനോസറുകൾ. ഒരുകാലത്ത് ഭൂമിമുഴുവൻ വിഹരിച്ച് നടന്ന അവ ഒരിക്കൽ ഭൂമിയിൽ ഒരു ഉൽക്ക പതിച്ചതിനെ തുടർന്ന് ഇല്ലാതായി എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.
ഉൽക്കകൾ പോലെതന്നെ ഛിന്നഗ്രഹങ്ങളും മറ്റും ഭൂമിയ്‌ക്ക് ഭീഷണിയായി സൗരയൂഥത്തിന് സമീപത്തുകൂടി കടന്നുപോകാറുണ്ട്. അത്തരത്തിൽ ഒരു ഛിന്നഗ്രഹം ഉയർത്തുന്ന ഭീഷണിയുടെ അങ്കലാപ്പിലാണ് ശാസ്‌ത്രലോകം. 2024വൈആർ4 എന്ന ഛിന്നഗ്രഹത്തെ ഡിസംബർ 27നാണ് ബഹിരാകാശ വിദഗ്ദ്ധർ കണ്ടത്.
2024വൈആർ4 എന്ന ഛിന്നഗ്രഹം
ഈ ഛിന്നഗ്രഹം ഭൂമിയ്‌ക്ക് സമീപഭാവിയിൽ തന്നെ ഭീഷണിയാകുമോ എന്ന ആശങ്കയാണ് ശാസ്‌ത്രലോകത്തിന് ഉള്ളത്. 2032 ഡിസംബർ 22ന് ഈ ഛിന്നഗ്രഹം ഭൂമിയിൽ വന്നുപതിക്കാൻ ചെറിയൊരു സാദ്ധ്യതയുണ്ടെന്നാണ് പഠനവിവരം. 130 മുതൽ 330 അടിവരെ വലുപ്പമുള്ളതാണ് 2024 വൈആർ4 ഛിന്നഗ്രഹം. ഇത് ഭുമിയുമായി കൂട്ടിയിടിച്ചാൽ ഒരു ഭാഗത്തിന് കാര്യമായ തകരാർ വരുത്തിവയ്‌ക്കും എന്നാണ് കരുതുന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്ളാനറ്റ് ഡിഫൻസ് ഓഫീസിലുള്ള ഡോ.റിച്ചാർഡ് മൊയിസിയാണ് ഈ വിവരം പങ്കുവയ്‌ക്കുന്നത്. ജനുവരി ആദ്യ ആഴ്‌ചമുതൽ ഈ ഛിന്നഗ്രഹത്തെ ഡോ.റിച്ചാർഡിന്റെ ടീം പഠിച്ചുവരികയാണ്.
കൂട്ടിയിടിക്കാൻ സാദ്ധ്യത 1.2 ശതമാനം
നാസയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ചിലിയിലെ അസ്‌ട്രോയിഡ് ടെറസ്‌ട്രിയൽ ഇംപാക്‌ട് ലാസ്റ്റ് അലർട്ട് സിസ്‌റ്റം സ്റ്റേഷൻ ഈ ഛിന്നഗ്രഹം ഭീഷണിയാണോ എന്ന് പഠനം നടത്തിയതിൽ കണ്ടെത്തിയത് ഭൂമിയുമായി കൂട്ടിയിടിക്കാൻ 1.2 ശതമാനം സാദ്ധ്യതയുണ്ടെന്നാണ്. ടൊറിനോ ഇംപാക്‌ട് ഹസാർഡ് സ്‌കെയിലിൽ ഈ ഛിന്നഗ്രഹത്തെ ലെവൽ മൂന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് അതീവ ശ്രദ്ധ ആവശ്യപ്പെടുന്നു എന്നർത്ഥം.
വിചിത്രമായ ഭ്രമണപഥം
ഗവേഷകർ ഭൂമിയിൽ നിന്ന് അകന്നുനീങ്ങുന്ന ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത നിരീക്ഷിക്കുകയാണ്. വളരെ വിചിത്രമായ ഭ്രമണപഥം ഉള്ളതിനാൽ ഇതിന്റെ സഞ്ചാരപാത കണ്ടെത്താൻ ബുദ്ധിമുട്ടുണ്ട്. ആയിരക്കണക്കിന് വർഷം കൂടുംതോറും ഇത്രവലുപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയിലേക്ക് വരിക പതിവെന്ന് ചരിത്രരേഖകൾ പറയുന്നു. 130 അടിയിൽ കൂടുതൽ വലുപ്പമുള്ളതിനാൽ ഭൂമിയിൽ പതിച്ചാൽ നാശത്തിന് സാദ്ധ്യത കൂടുതലാണ്.
ഇനി കാണാനാകുക 2028ൽ
അന്താരാഷ്‌ട്ര ഛിന്നഗ്രഹ മുന്നറിയിപ്പ് ശൃംഖല എന്ന കൂട്ടായ്‌മ ഇതെക്കുറിച്ച് പഠിച്ച് വിവിധ രാജ്യങ്ങളോട് എന്ത് തരം തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. ശക്‌തിയേറിയ ടെലസ്‌കോപ്പുകൾ വഴി ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കാഴ്‌ചയിൽ നിന്നും ഇത് മറയുംമുൻപ് ഇത്തരം ടെലസ്‌കോപ്പ് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്. കാരണം 2024 വൈആർ4 താമസിയാതെ ഭൂമിയിലെ ടെലസ്‌കോപ്പുകൾക്ക് കാണാനാവാത്ത ഇടത്തേക്ക് നീങ്ങുമെന്നാണ് സൂചന. പിന്നീട് 2028ൽ മാത്രമേ ഈ ടെലസ്‌കോപ്പുകൾക്ക് ഛിന്നഗ്രഹത്തെ കാണാനാകൂ.
അന്താരാഷ്‌ട്ര ഛിന്നഗ്രഹ മുന്നറിയിപ്പ് ശൃംഖലയും യൂറോപ്യൻ സ്‌പേസ് ഏജൻസിക്ക് കീഴിലുള്ള സ്‌പേസ് മിഷൻ പ്ളാനിംഗ് അഡ്വൈസറി ഗ്രൂപ്പുമാണ് ഈ ഛിന്നഗ്രഹത്തെ തുടർച്ചയായി നിരീക്ഷിക്കുന്നത്. വിയന്നയിൽ നടക്കുന്ന അവലോകന യോഗത്തിൽ 2024വൈആർ4നെ വിലയിരുത്തും. അപകട സാദ്ധ്യത ഒരുശതമാനത്തിൽ കൂടുതൽ തന്നെയെങ്കിൽ യുഎന്നിനെയടക്കം വിവരമറിയിക്കും. കൂടുതൽ നിരീക്ഷണത്തിലൂടെ അപകട സാദ്ധ്യത പൂജ്യത്തിന് താഴെയാകും എന്ന പ്രത്യാശയിലാണ് ശാസ്‌ത്രജ്ഞർ.
2028ൽ ഈ ഛിന്നഗ്രഹം വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ ശക്തിയേറിയ ടെലസ്‌കോപ്പുകൾ വഴി നിരീക്ഷിച്ച് അപകട സാദ്ധ്യതയുടെ അളവ് അറിയാനാകും. അന്ന് സമീപഭാവിയിൽ ഇത് അപകടമുണ്ടാക്കുമോ എന്നതും വ്യക്തമായേക്കും. ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നവർ നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച് വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ അവരുടെ ജനങ്ങളെ സംരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളേണ്ടിവരും. ഛിന്നഗ്രഹങ്ങളുടെ സ്വഭാവം പ്രവചിക്കുക സാദ്ധ്യമല്ലാത്തതിനാൽ തയ്യാറെടുപ്പുകൾ അത്യാവശ്യമാണ് എന്നുതന്നെയാണ് ശാസ്‌ത്രജ്ഞർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |