റിയാദ്: ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ നഗരമായ സൗദി അറേബ്യയിലെ മക്കയിലും മദീനയിലും ഇനി വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിക്ഷേപം നടത്താം. മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ലിസ്റ്റഡ് കമ്പനികളിൽ വിദേശ നിക്ഷേപകർക്ക് നിക്ഷേപം നടത്താമെന്ന് സൗദി അറേബ്യയുടെ മാർക്കറ്റ് റെഗുലേറ്റർ പ്രഖ്യാപിച്ചു. ആഗോള നിക്ഷേപം ആകർഷിക്കുന്നതിനും രാജ്യത്തെ പ്രധാന മത നഗരങ്ങളിലെ പദ്ധതികൾക്ക് പണലഭ്യത വർദ്ധിപ്പിക്കുന്നതിനുമുള്ള സൗദിയുടെ പുതിയ നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.
മക്കയും മദീനയും
ഇസ്ലാം മതവിശ്വാസികൾ പുണ്യ നഗരമായി കണക്കാക്കുന്ന മക്കയിലും മദീനയിലും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും എത്താറുള്ളത്. ഹജ്ജ്, ഉമ്ര അടക്കമുള്ളവ നിർവഹിക്കാനാണ് കൂടുതൽ പേരും എത്തുന്നത്. സൗദി അറേബ്യയുടെ വരുമാന സ്രോതസുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. 12 ബില്യൺ ഡോളറാണ് 2019ൽ വരുമാനമായി സൗദിയിൽ എത്തിയത്. 2030 ആകുമ്പോഴേക്കും ഇത് 30 ബില്യണിലേക്ക് എത്തിക്കാനാണ് സൗദിയുടെ നീക്കം. മറ്റ് സ്രോതസുകളിൽ നിന്നടക്കം വരുമാനം വർദ്ധിപ്പിക്കുന്നതിന് വിഷൻ 2030 എന്ന പേരിൽ ക്യാമ്പയിനുകളും നടക്കുന്നുണ്ട്.
വിദേശ നിക്ഷേപം നടത്തുന്നവർ അറിയേണ്ട കാര്യങ്ങൾ
1, മക്കയിലെയും മദീനയിലെയും നിക്ഷേപം നടത്തുന്ന ലിസ്റ്റഡ് കമ്പനികൾ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.
2, വിദേശികൾക്ക് ഷെയറുകളിലോ കൺവെർട്ടിബിൾ ഡെറ്റ് ഇൻസ്ട്രുമെന്റിലോ നിക്ഷേപിക്കാം.
3, തന്ത്രപ്രധാനമായ നിക്ഷേപകർക്ക് അവസരം ലഭിക്കില്ല
4, നിക്ഷേപം നടത്തുന്ന ഒരു കമ്പനിയുടെയും 49% ഓഹരികളിൽ കൂടുതൽ സൗദികളല്ലാത്തവർക്ക് സ്വന്തമാക്കാൻ കഴിയില്ല.
ഇന്ത്യക്കാർക്ക് സുവർണാവസരം
ഈ നിക്ഷേപങ്ങളിൽ ഇന്ത്യക്കാർക്കും പങ്കെടുക്കാൻ സാധിക്കും. കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നിക്ഷേപം നടത്താൻ സാധിക്കുകയുള്ളൂ. മക്കയിലേക്കും മദീനയിലേക്കും ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. അതുകൊണ്ട് കൂടുതൽ ഇന്ത്യക്കാർ നിക്ഷേപവുമായി എത്തുമെന്നാണ് കരുതുന്നത്. 2023ൽ മാത്രം 139,000 ഇന്ത്യക്കാരാണ് ഹജ്ജ് നിർവഹിക്കാൻ എത്തിയത്. 2024 ആകുമ്പോഴേക്കും അതിൽ ചെറിയ വർദ്ധനയോടെ 139,964 പേർ എത്തി. പുതിയ നിയമം ഇന്ത്യൻ നിക്ഷേപകർക്ക് അവരുടെ സ്വന്തം സമൂഹത്തിന്റെ യാത്രകൾക്കും മതപരമായ ആവശ്യങ്ങൾക്കും പിന്തുണ നൽകിക്കൊണ്ട് മേഖലയുമായി ബന്ധപ്പെടാനുള്ള അവസരം തുറന്നിരിക്കുകയാണ്. കൂടുതൽ പ്രവാസി നിക്ഷേപകർ ഈ അവസരം വിനിയോഗിക്കാൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |