അബുദാബി: മറ്റ് രാജ്യത്തേയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികളടക്കമുള്ള യുഎഇ നിവാസികൾക്കായി പുതിയ നിയമം കർശനമാക്കി യുഎഇ. തായ്‌ലാൻഡ് വിസയ്ക്കായി അപേക്ഷിക്കുന്ന യുഎഇയിലെ താമസക്കാർ പുതിയ ഇ-വിസ പ്ളാറ്റ്‌ഫോമിലൂടെ തന്നെ അപേക്ഷിക്കണമെന്നാണ് പുതിയ നിയമം നിഷ്‌കർഷിക്കുന്നത്. 2025 ജനുവരി ഒന്ന് രാവിലെ ഏഴുമണി മുതൽ നിയമം പ്രാബല്യത്തിൽ വരും.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അപേക്ഷകർ അബുദാബിയിലെ റോയൽ തായ് എംബസിയിലോ ദുബായിലെ റോയൽ തായ് കോൺസുലേറ്റ് ജനറലിലോ നേരിട്ട് പാസ്‌പോർട്ടും മറ്റ് അനുബന്ധ രേഖകളും നൽകേണ്ടതായി വരില്ലെന്ന് എംബസി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കുന്നു.
അപേക്ഷകർ ആദ്യം തായ്‌ലാൻഡ് വിദേശകാര്യ മന്ത്രാലത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.thaievisa.go.thൽ ഒരു അക്കൗണ്ട് തുടങ്ങണം. തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്ത് വെബ്‌സൈറ്റിലൂടെതന്നെ ഫീസ് അടയ്ക്കണം. ഫീസിന്റെ രസീത് ഇമെയിലിലൂടെ ലഭ്യമാവും. വിവരങ്ങൾ നൽകുമ്പോൾ തെറ്റുകൾ വരാതെയിരിക്കാൻ ശ്രദ്ധിക്കണം. കാരണം തെറ്റുകൾ കണ്ടെത്തിയാൽ അപേക്ഷ തള്ളിപ്പോകാൻ ഇടയാകും. ആവശ്യമായി വന്നാൽ എംബസി കൂടുതൽ രേഖകളോ അഭിമുഖത്തിന് എത്താനോ ആവശ്യപ്പെട്ടേക്കാം.
ഇ-വിസ അപേക്ഷയ്ക്ക് എംബസി അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അപേക്ഷകന് ഇമെയിൽ സന്ദേശം ലഭിക്കും. ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. ഈ പ്രിന്റ് ഔട്ട് ആണ് യുഎഇയിൽ നിന്ന് പുറപ്പെടുമ്പോഴും തായ്‌ലാൻഡിൽ എത്തുമ്പോഴും വിമാനത്താവളത്തിൽ അധികൃതരോട് കാണിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |