ന്യൂഡൽഹി: ജന്ദർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്കെതിരെ പി ടി ഉഷ നടത്തിയ പരാമർശത്തിനെതിരെ ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ അടക്കം രംഗത്ത്. കുട്ടിക്കാലത്തെ ഹീറോയോടുള്ള ബഹുമാനം നഷ്ടമായെന്നായിരുന്നു ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തത്. പി ടി ഉഷ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ വിമർശിക്കുന്ന വാർത്തയും അവർ ട്വീറ്റിനോടൊപ്പം പങ്കുവെച്ചു. പി ടി ഉഷ പ്രസ്താവന പിൻവലിക്കണമെന്നാണ് സിപിഎം നേതാവ് പി കെ ശ്രീമതി ആവശ്യപ്പെട്ടത്.
പി ടി ഉഷയും ഒരു അമ്മയും സ്ത്രീയുമാണ്. പെൺകുട്ടികൾ പരാതി പറയുമ്പോൾ ആരോപണ വിധേയന്റെ സംരക്ഷകയായി മാറരുതെന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു. ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെയുള്ള ലൈംഗിക പരാതിയിൽ നടപടി ആവശ്യപ്പെട്ട് കൊണ്ട് സമരം നടത്തിയ കായിക താരങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുമെന്നായിരുന്നു പി ടി ഉഷയുടെ വിവാദ പ്രതികരണം. തെരുവിൽ സമരം ചെയ്യുന്നതിന് പകരം ഒളിംപിക് അസോസിയേഷനെയാണ് സമീപിക്കേണ്ടിയിരുന്നതെന്നും അവർ പറഞ്ഞു. പി ടി ഉഷയുടെ പരാമർശത്തിൽ സമരത്തിന്റെ ഭാഗമായ താരങ്ങളും വിയോജിപ്പ് പ്രകടമാക്കിയിരുന്നു. പി ടി ഉഷയിൽ നിന്ന് പരുക്കൻ പ്രതികരണമല്ല മറിച്ച് പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഗുസ്തി താരം ബജ്രംഗ് പൂനിയയുടെ പ്രതികരണം.
പ്രായപൂർത്തിയാകാത്ത കുട്ടി അടക്കമുള്ള കായിക താരങ്ങൾ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക പരാതി നൽകിയിട്ടും ഡൽഹി പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല എന്നാരോപിച്ചാണ് ദേശീയ ഗുസ്തി താരങ്ങളടക്കം അഞ്ച് ദിവസമായി ഡൽഹിയിൽ സമരം തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |