ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റിനെതിരെ പരിഹാസവുമായി കോൺഗ്രസ് വക്താവ് ജയ്റാം രമേശ്. എൻഡിഎയുടെ മുന്നണി ഭരിക്കുന്ന സംസ്ഥാനമായ ആന്ധ്രാപ്രദേശിനെ കേന്ദ്ര സർക്കാർ ക്രൂരമായി അവഗണിച്ചെന്നും ബീഹാറിന് ബൊണാൻസ അടിച്ചെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ 77 മിനിറ്റ് നീണ്ട ബഡ്ജറ്റ് പ്രസംഗത്തിന് പിന്നാലെയായിരുന്നു ജയ്റാം രമേശിന്റെ പരിഹാസം.
എൻഡിഎ മുന്നണിയിൽ ഉൾപ്പെട്ട ജനതാദൾ (യുണൈറ്റഡ്) ആണ് ബീഹാർ ഭരിക്കുന്നതെങ്കിൽ ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയാണ്. 'ഈ വർഷാവസാനം അവിടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇത് സ്വാഭാവികമാണ്. എന്നാൽ എന്തുകൊണ്ടാണ് എൻഡിഎയുടെ മറ്റൊരു തൂണായ ആന്ധ്രാപ്രദേശിനെ ഇത്ര ക്രൂരമായി അവഗണിച്ചത്?'- ജയ്റാം രമേശ് കുറിച്ചു.
പരിഹാസത്തിന് പിന്നാലെ മൂന്നാം മോദി സർക്കാരിന്റെ ബഡ്ജറ്റിനെ ജയ്റാം രമേശ് രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നാല് അനുബന്ധ പ്രതിസന്ധികളാൽ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 1, സ്തംഭനാവസ്ഥയിലായ വേതനം. 2, ഉപഭോഗത്തിലെ വളർച്ചയിലെ അഭാവം. 3, സ്വകാര്യ നിക്ഷേപത്തിന്റെ മന്ദഗതിയിലുള്ള നിരക്ക്. 4, സങ്കീർണ്ണമായ ജിഎസ്ടി (ചരക്ക് സേവന നികുതി) സംവിധാനം എന്നിവയാണ് അവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുകളിൽ പറഞ്ഞ പ്രശ്നത്തിന് ഒരു പ്രതിവിധിയും ഈ ബഡ്ജറ്റിൽ ഉണ്ടായിട്ടില്ല. ആദായ നികുതി അടയ്ക്കുന്നവർക്ക് മാത്രമാണ് ഒരു ആശ്വാസമുള്ളത്. സമ്പദ്‌വ്യവസ്ഥയിൽ ഇത് എന്ത് സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. ജയ്റാം രമേശിനൊപ്പം കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ബഡ്ജറ്റിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.
'എനിക്ക് മനസിലാവുന്നില്ല, ഇന്ത്യൻ സർക്കാരിന്റെ ബഡ്ജറ്റാണോ ഇത്, അല്ലെങ്കിൽ ബീഹാർ സർക്കാരിന്റേതാണോ? ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തിൽ മുഴുവൻ കേട്ടത് ഒരു സംസ്ഥാനത്തെക്കുറിച്ച് മാത്രമാണ്'- മനീഷ് തിവാരി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |