പനാജി: വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഇന്ത്യയില്‍ ഒരുപോലെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നതും. എന്നാല്‍ അടുത്ത സീസണ്‍ മുതല്‍ വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഗോവ. അതിനുള്ള കാരണമാകട്ടെ ബീച്ചുകളില്‍ എത്തുന്ന സഞ്ചാരികളുടെ കൊള്ളരുതായ്മയും.വടക്കന്‍ ഗോവയിലെ കലാന്‍ഗൂട്ട് ബീച്ചില്‍ പ്രവേശിക്കണമെങ്കില്‍ ഇനി പണം നല്‍കണം. എന്‍ട്രി ഫീസ് ഈടാക്കാന്‍ ഒരുങ്ങുകയാണ് പ്രാദേശിക ഭരണകൂടം.
ഗോവയിലെ ഏതെങ്കിലും ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്തതിന്റെ രേഖയുള്ളവര്‍ക്ക് എന്‍ട്രി ഫീസ് നല്‍കേണ്ടതില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ബീച്ചുകളില്‍ നിക്ഷേപിച്ച് മടങ്ങുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. വളരെ ശുചിത്വത്തോടും വൃത്തിയോടും സൂക്ഷിക്കുന്ന ഇത്തരം ബീച്ചുകളില്‍ എത്തി മാലിന്യം വലിച്ചെറിയുന്നതടക്കമുള്ള കൊള്ളരുതായ്മകള്‍ ബീച്ചിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നുവെന്ന പരാതിയുമുണ്ട്.
എന്‍ട്രി ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് പ്രമേയം പാസാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് പ്രാദേശിക ഭരണകൂടമായ പഞ്ചായത്ത് സമിതി. പ്രമേയം പാസാക്കുമെന്ന് വില്ലേജ് സര്‍പഞ്ച് തന്നെയാണ് മാദ്ധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. വലിയ വാഹനങ്ങളില്‍ കൂട്ടമായെത്തുന്ന സഞ്ചാരികള്‍ ബീച്ച് വലിയ രീതിയില്‍ മലിനമാക്കി മടങ്ങുന്നത് വ്യാപകമായി ശ്രദ്ധയില്‍പെടുന്നുണ്ട്. കൂടുതല്‍ സഞ്ചാരികളെത്തുന്നത് മൂലം പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ കൂടിയാണ് തീരുമാനമെന്നും സര്‍പഞ്ച് ജോസഫ് സക്കറിയ പറയുന്നു.
വരുന്ന ഒക്ടോബറില്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ മു്തല്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ശ്രമമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ബീച്ചുകളില്‍ നടക്കുന്ന അനധികൃത കച്ചവടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊലീസിന്റെ കൂടി സഹായത്തോടെ ഇവരെയെല്ലാം അറസ്റ്റ് ചെയ്ത് മാറ്റും. ഗോവയിലെ 80 ശതമാനം ഗസ്റ്റ് ഹൗസുകളും പുറത്തുള്ളവര്‍ക്ക് നടത്താനായി വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇതൊഴിവാക്കണമെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോസഫ് സക്കറിയ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |