ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും ശക്തമായ പ്രതിഷേധത്തിനിടെ, രാജ്യത്തെ മദ്രസകളും മദ്രസ ബോർഡുകളും അടച്ചുപൂട്ടണമെന്നും അവയ്ക്കുള്ള സർക്കാർ ഫണ്ടിംഗ് അവസാനിപ്പിക്കണമെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് ശുപാർശ നൽകി.
മദ്രസയിലെ കുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കണം. വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കുന്നുവെന്നതാണ് കാരണം.
സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും കേന്ദ്രഭരണപ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാരോടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസനിയമം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ന്യൂനപക്ഷ സംഘടനകൾ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ ബാലാവകാശ കമ്മിഷൻ വിധിയെ ന്യായീകരിച്ചിരുന്നു. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും പരിശീലനം സിദ്ധിച്ച അദ്ധ്യാപകരല്ല പഠിപ്പിക്കുന്നതെന്നും വാദിക്കുകയും ചെയ്തു. ഈ കേസിലെ വിധി അനുസരിച്ചാണ് തുടർ നടപടി സ്വീകരിക്കേണ്ടതെന്നും കമ്മിഷൻ സംസ്ഥാനങ്ങളെ ഓർമ്മിപ്പിക്കുന്നു.ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേചെയ്തിരിക്കുകയാണ്. ഒൻപത് വർഷത്തോളം സമഗ്രപഠനം നടത്തി തയ്യാറാക്കിയ റിപ്പോർട്ടാണ് ശുപാർശയ്‌ക്ക് അടിസ്ഥാനമെന്ന് കമ്മിഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനൂൻഗോ വ്യക്തമാക്കി.
ഭരണഘടനയിലെ അനുച്ഛേദം 21എയും, 2009ലെ വിദ്യാഭ്യാസ അവകാശ നിയമവും 14 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കാനാണ്. അനുച്ഛേദം 29, 30 എന്നിവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഉറപ്പുനൽകുന്നു. എന്നാൽ, ന്യൂനപക്ഷ അവകാശം ചൂണ്ടിക്കാട്ടി മദ്രസയിലെ കുട്ടികളുടെ ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
സംസ്ഥാനങ്ങൾ സഹകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. അംഗീകാരമുള്ളവ, അംഗീകാരമില്ലാത്തത്, അംഗീകാരത്തിന് അപേക്ഷിക്കാത്തത് (അൺമാപ്പ്ഡ്) എന്നീ മൂന്നുതരം മദ്രസകളാണ് രാജ്യത്തുള്ളത്. എൻ.ഡി.എ ഘടകകക്ഷിയായ ലോക്ജൻ ശക്തി നിലപാടിനെതിരെ രംഗത്തെത്തി.
കേരളം നുണ പറഞ്ഞെന്ന്
ബാലാവകാശ കമ്മിഷൻ
സംസ്ഥാനത്ത് മദ്രസകളില്ലെന്നും ഫണ്ട് നൽകുന്നില്ലെന്നും കേരള സർക്കാർ പച്ചക്കള്ളം പറഞ്ഞതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനൂൻഗോ ആരോപിച്ചു. പണം നൽകുന്നതിന് തെളിവുണ്ട്.
മദ്രസ അദ്ധ്യാപകർക്കായി ക്ഷേമ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകനും മദ്രസ ബോർഡും മാസം 50 രൂപ വീതം നിക്ഷേപിക്കുന്നതായും പത്ര റിപ്പോർട്ടുണ്ട്. ക്ഷേമഫണ്ടിൽ 23,809 മദ്രസ അദ്ധ്യാപകർ അംഗങ്ങളാണ്. കേരളത്തിലെ മദ്രസകളിൽ കുട്ടികൾ അതിക്രമങ്ങൾ ഇരയാകുന്നുവെന്ന മാദ്ധ്യമവാർത്തകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
പണം നൽകുന്നില്ല: മന്ത്രി
മദ്രസകൾക്ക് സർക്കാർ പണം നൽകുന്നില്ലെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം കേരളത്തെ ബാധിക്കില്ലെന്നും ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്‌ദു റഹിമാൻ കേരളകൗമുദിയോട് പറഞ്ഞു.
മദ്രസകൾ പ്രവർത്തിക്കുന്നത് മതസംഘടനകളുടെ കീഴിലാണ്.അവിടത്തെ പഠനം പൊതുവിദ്യാഭ്യാസത്തെ ബാധിക്കുന്നില്ല.മർക്കസ് പോലുള്ള സ്ഥാപനങ്ങളും സ്വന്തം പണമുപയോഗിച്ച് പഠിപ്പിക്കുകയാണ്.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നവരുമാണ്.
മദ്രസകളെ താറടിക്കാൻ ശ്രമം. ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള നീക്കം. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.
- ഇ.ടി.മുഹമ്മദ് ബഷീർ എം.പി,
മുസ്ലീം ലീഗ്
കണ്ണുംപൂട്ടി നടപടിയെടുക്കരുത്. പ്രവർത്തനങ്ങൾ കൃത്യമായി പരിശോധിക്കുകയും മദ്രസകൾക്ക് പറയാനുള്ളത് കേൾക്കുകയും വേണം.
എ.കെ. ബാജ്പേയ്,
ലോക്ജൻ ശക്തി
(എൻ.ഡി.എ ഘടകകക്ഷി) -
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |