മുംബയ് : ബാബാ സിദ്ദിഖിയെ വെടിവച്ച് മണിക്കൂറുകൾ കഴിഞ്ഞ് ഷുബ്ബു ലോങ്കർ എന്ന പേരിലുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് ബിഷ്ണോയി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തത്.
ബിഷ്ണോയിയുടെ കൂട്ടാളിയായ ശുഭം രാമേശ്വർ ലോങ്കറുടെ അക്കൗണ്ടാണ് ഇതെന്നാണ് കരുതുന്നത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായും ബോളിവുഡ്താരം സൽമാൻ ഖാനുമായും ബന്ധമുള്ളതിനാലാണ് ബാബാസിദ്ദിഖിയെ വധിച്ചതെന്നാണ് പോസ്റ്റിൽ പറയുന്നത്. സൽമാന്റെ വസതിക്ക് സമീപം നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനുജ് തപൻ പൊലീസ് ലോക്കപ്പിൽ മരിച്ചതിന്റെ പ്രതികാരമാണെന്നും സൂചനയുണ്ട്. സൽമാനെ സഹായിക്കുന്നവരെ വെറുതേ വിടില്ലെന്നും ഭീഷണിയുണ്ട്.
ലോങ്കറെയെ അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചതിന് ഇക്കൊല്ലം ആദ്യം അറസ്റ്റ് ചെയ്‌തിരുന്നു. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയുമായി വീഡിയോ കോളിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചിരുന്നു.
വെടിവയ്പ് നടന്ന സ്ഥലത്തിന് സമീപമുള്ള സൽമാൻ ഖാന്റെ വസതിക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. സൽമാൻ ഖാൻ ഉൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു ബാബാസിദ്ദിഖി.സിദ്ദിഖിയുടെ ഇഫ്താർപാർട്ടികളിൽ സൽമാൻ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. സൽമാൻ ഖാനും ഷാരൂഖ് ഖാനും തമ്മിലുള്ള ശീതയുദ്ധം അവസാനിച്ചത് ബിഷ്ണേയിയുടെ ഇഫ്താർ പാർട്ടിയിൽ ആയിരുന്നു.ഇന്നലെ സിദ്ദിഖിയുടെ വസതിയിൽ അന്ത്യോപചാരം അർപ്പിക്കാൻ സൽമാൻ ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയിരുന്നു.
ബിഷ്ണോയ് സമുദായം വിശുദ്ധ മൃഗമായി ആരാധിക്കുന്ന മാനിനെ വേട്ടയാടിയതിന് സൽമാൻ ഖാനെ വധിക്കാൻ ബിഷ്ണോയി കൂട്ടാളിയായ സമ്പത്ത് നേഹ്റയെ നിയോഗിച്ചു. കഴിഞ്ഞ ഏപ്രിൽ 14ന് രാത്രി രണ്ട് അക്രമികൾ സൽമാന്റെ വസതിക്ക് സമീപം വെടിച്ചത് പ്രദേശത്തെ ഞെട്ടിച്ചിരുന്നു. സൽമാനെ വധിക്കാൻ 25 ലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |